ഹൊബാര്‍ട്ട്: അവസാന ഓവര്‍ വരെ ആവേശം കത്തിക്കാളിയ പോരാട്ടത്തില്‍ സിംബാബ്വെക്കെതിരെ വിജയം അയര്‍ലന്‍ഡിന്. ആദ്യം ബാറ്റ് ചെയ്ത് അയര്‍ലന്റ് ഉയര്‍ത്തിയ വിജയലക്ഷ്യംായി 332 റണ്‍സിനെതിരെ സിംബാബ്വെ മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കേ 326 റണ്‍സിന് ഓള് ഔട്ടായി. ഇതോടെ അഞ്ച് റണ്‍സിന്റെ വിജയത്തിനൊപ്പം ക്വാര്‍ട്ടര്‍ സാധ്യതകളും സജീവമാക്കി നിര്‍ത്താന്‍ അയര്‍ലന്‍ഡിന് കഴിഞ്ഞു.
അതേസമയം സിംബാബ്വെ പുറത്തായി. 112 റണ്‍സ് നേടിയ എഡ് ജോയ്സിന്റെയും 97 റണ്‍സ് നേടിയ ബാല്‍ബിര്‍നിയുടെയും കരുത്തിലാണ് അയര്‍ലന്റ് ലോകകപ്പിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെക്ക് വേണ്ടി അതേനാണയത്തില്‍ ബ്രണ്ടന്‍ ടെയ്ലറും (121) സീന്‍ വില്ല്യംസും (96) തകര്‍ത്തടിച്ചെങ്കിലും ടീമിനെ വിജയത്തിലെക്കാന് കഴിയാതെ പാതിവഴിയില്‍ ഇടറിവീഴുകയായിരുന്നു. എഡ് ജോയ്സാണ് മാന്‍ ഓഫ് ദി മാച്ച്.
തുടക്കം മുതല്‍ വിക്കറ്റ് നഷ്ടപ്പെടാതെ കളിച്ച് മികച്ച സ്കോര്‍ കെട്ടിപ്പടുക്കാനാണ് അയര്‍ലന്‍ഡ് ബാറ്റ്സ്ന്മാര്‍ ശ്രമിച്ചത്. ഒപ്പം ക്യാച്ചുകള്‍ നിരവധി ക്യാച്ചുകള്‍ കൈവിട്ട് സിംബാബ്വെ ഫീല്‍ഡര്‍മാരും അവരെ സഹായിച്ചു.
സ്കോര്‍ബോര്‍ഡില്‍ 16 റണ്‍സുള്ളപ്പോള്‍ പോള്‍ സ്റ്റിര്‍ലിങിനെ (10) നഷ്ടമായെങ്കിലും പോര്‍ട്ടര്‍ഫീല്‍ഡും എഡ് ജോയ്സും ചേര്‍ന്ന് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 103 പന്തില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഐറിഷ് ഇന്നിങ്സിന് മികച്ച അടിത്തറയൊരുക്കിയത്. സ്കോര്‍ 79-ല്‍ നില്‍ക്കേ 29 റണ്‍സെടുത്ത പോര്‍ട്ടര്‍ഫീല്‍ഡിനെ വില്ല്യംസണിന്റെ പന്തില്‍ മസാകഡ്സ പിടികൂടി.
പിന്നീട് ഒത്തുചേര്‍ന്ന ജോയ്സും ബാല്‍ബിര്‍നിയും സിംബാബ്വെ ബൗളര്‍മാര്‍ക്കെതിരെ അനായാസം ബാറ്റുവീശി. 18.3 ഓവറില്‍ 138 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതിനിടെ എഡ് ജോയ്സ് ശതകവും പൂര്‍ത്തിയാക്കി. 96 പന്തില്‍ നിന്നായിരുന്നു ജോയ്സിന്റെ സെഞ്ചുറി. പിന്നീട് സ്കോര്‍ 217-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ സിംബാബ്വെ ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. 103 പന്തില്‍ നിന്ന് 9 ഫോറും മൂന്ന് സിക്സറുമടക്കം 112 റണ്‍സെടുത്ത ജോയ്സിനെ ചതാരയുടെ പന്തില്‍ ഇര്വിന് പിടികൂടി.
ലോകകപ്പിന്റെ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് എഡ് ജോയ്സ്. തുടര്‍ന്നെത്തിയ കെവിന് ഒബ്രിയാനും (24) ഗാരി വില്‍സണും (25) ആക്രമിച്ചു കളിച്ചതോടെ അയര്‍ലന്‍ഡ് അനായാസം 300 കടന്നു.
എന്നാല്‍ അവസാന അഞ്ചോവറില്‍ തുടര്‍ച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടത് അയര്‍ലന്‍ഡിന് തിരിച്ചടിയായി. വ്യക്തിഗത സ്കോര്‍ 96 റണ്‍സില്‍ നില്‍ക്കേ അവസാന ഓവറിലെ ആദ്യ പന്തില്‍ രണ്ടാം റണ്ണിന് ശ്രമിച്ചപ്പോള്‍ ബാല്‍ബിര്‍നി നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി. മൂന്ന് വിക്കറ്റ് വീതമെടുത്ത സീന്‍ വില്ല്യംസും ചതാരയുമാണ് സിംബാബ്വെ ബൗളര്‍മാരില്‍ തിളങ്ങിയത്.
332 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന സിംബാബ്വെക്ക് മോശം തുടക്കമാണ് ലഭിച്ചത്. 18 റണ്‍സെടുത്ത ചിബാബയും 12 റണ്‍സെടുത്ത സിക്കന്ദര്‍ റാസയം 11 റണ്‍സെടുത്ത മിറെയും അഞ്ച് റണ്‍സെടുത്ത മസാകഡ്സയും പുറത്തായപ്പോള്‍ വിന്‍ഡീസ് സ്കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത് 74 റണ്‍സ് മാത്രം. പിന്നീട് അയര്‍ലന്‍ഡ് നിരയെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ബ്രണ്ടന്‍ ടെയ്ലറും (91 പന്തില്‍ 121), സീന്‍ വില്ല്യംസും (83 പന്തില്‍ 96) ചേര്‍ന്ന് നടത്തിയത്. 20.5 ഓവറില്‍ ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ അടിച്ചുകൂട്ടിയത് 149 റണ്‍സ്. ഇതോടെ സിംബാബ്വെയും വിജയം സ്വപ്നം കണ്ടുതുടങ്ങി.
എന്നാല്‍ സ്കോര്‍ 223-ല്‍ എത്തിയപ്പോള്‍ 11 ഫോറും നാല് സിക്സറുമടക്കം 121 റണ്‍സെടുത്ത ടെയ്ലറെ കുസാക്ക് മടക്കിയതോടെ ഐറിക് പോരാളികള്‍ ശ്വാസംവിട്ടു. അധികം കഴിയും മുന്നേ 11 റണ്‍സെടുത്ത എര്‍വിനും മടങ്ങിയപ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 259 റണ്‍സായിരുന്നു ഉള്ളത്. സ്കോര്‍ 300-ല്‍ എത്തിയപ്പോള്‍ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെവച്ച് സീന്‍ വില്ല്യംസ് കെവിന് ഒബ്രിയാന്റെ പന്തില്‍ മൂണിക്ക് ക്യാച്ച് നല്കി പുറത്തായത് സിംബാബ്വെക്ക് കനത്ത തിരിച്ചടിയായി.
അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ കയ്യിലിരിക്കെ സിംബാബ്വെക്ക് 7 റണ്‍സ് മാത്രമായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ കുസാക്ക് എറിഞ്ഞ ഈ ഓവറിലെ ആദ്യപന്തില്‍ 17 റണ്‍സെടുത്ത ചകാബ്വയെയും മൂന്നാം പന്തില്‍ 7 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത മുപരിവയെയും പുറത്താക്കിയതോടെ വിജയം ഐറിഷ് പോരാളികള്‍ക്കൊപ്പം നിന്നു. അയര്‍ലന്‍ഡിന് വേണ്ടി കുസാക്ക് 32 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്ത്തി.
നാല് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയത്തോടെ ആറ് പോയന്റുള്ള അയര്‍ലന്‍ഡ് ഇതോടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ഗ്രൂപ്പില്‍ ഒരു മത്സരം മാത്രം അവശേഷിക്കുന്ന വെസ്റ്റിന്‍ഡീസിനും മുന്നിലാണ് അവര്‍. ഇനിയുള്ള ഒരു മത്സരം വിന്‍ഡീസ് തോല്‍ക്കുകയോ അയര്‍ലന്‍ഡിന്റെ രണ്ട് മത്സരങ്ങളില്‍ ഒന്ന് ജയിക്കുകയോ ചെയ്താല്‍ ഐറിഷ് ടീം ക്വാര്‍ട്ടര്‍ കാണും. എന്നാല്‍ ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഐറിഷ് പോരാളികള്‍ക്ക് എതിരാളികള്‍ ഇന്ത്യയും പാക്കിസ്ഥാനുമാണ്. അതേസമയം വിന്‍ഡീസിന് യുഎഇയുമായാണ് അവസാന മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: