മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ അത്ലറ്റികോ മാഡ്രിഡിന് തുടര്‍ച്ചയായ രണ്ടാം സമനില. ഇന്നലെ നടന്ന കളിയില്‍ വലന്‍സിയയാണ് അത്ലറ്റികോയെ 1-1ന് സമനിലയില്‍ പിടിച്ചുകെട്ടിയത്. അത്ലറ്റികോക്ക് വേണ്ടി കോകെ 33-ാം മിനിറ്റിലും വലന്‍സിയക്ക് വേണ്ടി മുസ്താഫി 78-ാം മിനിറ്റിലും ഗോളുകള്‍ നേടി.
ഫൗളുകളുടെ അതിപ്രസരം കണ്ട മത്സരത്തില്‍ 12 മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പുകാര്‍ഡും റഫറി പുറത്തെടുത്തു. 90-ാം മിനിറ്റില്‍ വലന്‍സിയയുടെ സാവി ഫ്യൂഗോയാണ് രണ്ട് മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും കണ്ട് പുറത്തുപോയത്. സമനിലയോടെ അത്ലറ്റികോയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നായി നിലനിര്‍ത്താനും വലന്‍സിയക്ക് കഴിഞ്ഞു. 26 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അത്ലറ്റികോക്ക് 55ഉം വലന്‍സിയക്ക് 54ഉം പോയിന്റുകളാണുള്ളത്.
മറ്റൊരു മത്സരത്തില്‍ വിയ്യാറയല്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സെല്‍റ്റ ഡി വീഗോയെയും റയല്‍ സോസിഡാഡ് 1-0ന് എസ്പാനിയോളിനെയും കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: