പാലക്കാട് : കോടികള്‍ ആസ്തിയുള്ള സ്വകാര്യട്രസ്റ്റിനുകീഴില് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്കുള്ള റോഡ് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ടാര്‍ ചെയ്ത സംഭവത്തില്‍ പാലക്കാട് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തു.
അമ്പലപ്പാറ രണ്ട് വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന മര്‍ക്കസ്സുല്‍ ഇശാഅത്തില്‍ ഇസ്ലാമിയ്യ എന്ന സ്ഥാപനത്തിലേക്കാണ് പ്രകൃതിക്ഷോഭ കെടുതിനിവാരണ ഫണ്ട് പദ്ധതിയില്‍പെടുത്തി റോഡ് നിര്‍മ്മിച്ചു നല്‍കിയത്.പത്തുലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 300 മീറ്റര്‍ ദൂരത്തില്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യറോഡാണ് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം മെറ്റലിംഗ് നടത്തി ടാറിട്ടത്.
ഈ റോഡിനു സമാന്തരമായി 15 ലധികം വീടുകളിലേക്കുള്ള മണ്‍പാതയെ പാടെ അവഗണിച്ചുകൊണ്ടാണ് കമ്പിവേലി കൊണ്ടു വളച്ചുകെട്ടിയ ട്രസ്റ്റിന്റെ ഭൂമിയിലേക്കുമാത്രമായുള്ള റോഡിന് വിഐപി പരിഗണന നല്കി ടാറിംഗ് നടത്തിക്കൊടുത്തത്. ഈ റോഡിനെക്കുറിച്ച് വില്ലേജ്, പഞ്ചായത്ത് രേഖകളില്‍ ഒരിടത്തുംപരാമര്ശമില്ല.
സ്വകാര്യറോഡാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ബന്ധപ്പെട്ടവര്‍ റോഡ് ടാറിംഗ് നടത്തിയിരിക്കുന്നത്.
2014 മാര്‍ച്ച് 13നു സാങ്കേതികാനുമതി ലഭിച്ച പാലക്കാട് ജില്ലയിലെ 20 ഫ്ളഡ് റോഡുകളില്‍ പത്താമത്തെ റോഡായാണ് ടാറിംഗ് പൂര്‍ത്തിയാക്കിയത്.ഒറ്റപ്പാലം എംഎല്‍എ ആയിരുന്ന എം.ഹംസയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് റോഡ്അനുവദിച്ചിരിക്കുന്നതെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.
മൈലമ്പുറം സ്കൂള്‍ റോഡെന്നാണ് വിവാദ റോഡ് പദ്ധതിക്കായി അന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം(ഒറ്റപ്പാലം) അസിസ്റ്റന്റ് എഞ്ചിനിയറായിരുന്ന സി.ശിവരാമന് എസ്റ്റിമേറ്റ് തയ്യാറാക്കിയപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ റോഡിനു സമാന്തരമായി പോകുന്ന മറ്റൊരു റോഡാണ് മൈലമ്പുറം റോഡ്.
വിവാദറോഡില് നിന്നും സ്കൂളിലേക്ക് ബന്ധപ്പെടാനുള്ള വഴിയില്ല എന്നതാണ് വസ്തുത.
പ്രവേശന കവാടത്തില്‍ വലിയ ഇരുമ്പിന്റെ കമാനവും സൈഡില്‍ മറ്റുള്ളവര്‍ പ്രവേശിക്കാതിരിക്കാന്‍ കമ്പിവേലിയും കെട്ടി വേര്‍തിരിച്ചിട്ടുണ്ട്.
അമ്പലപ്പാറ മുസ്തഫ തിരുണ്ടിക്കല്‍ നല്കിയ പരാതിയിലാണ് വിജിലന്‍സ് കേസ്സെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: