ചിറ്റൂര്‍: ജില്ലയുടെ കിഴക്കന്‍ മേഖലയിലെ നികുതി വെട്ടിപ്പ് തടയുന്നതിനായി എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമുണ്ടാക്കിയപ്പോള്‍ നിത്യേന ശരാശരി 16 കേസുകളില്‍ എട്ടുലക്ഷത്തിലധികം രൂപയാണ് നികുതിയായി പിരിച്ചെടുത്തിരുന്നതെങ്കില് ഇന്നത് രണ്ടു ലക്ഷത്തില്‍ താഴെയായി ചുരുങ്ങി.
മീനാക്ഷിപുരം മുതല്‍ കന്നിമാരിവരെ എക്സൈസ,് സെയില്‍സ്ടാക്സ്, വനംവകുപ്പ് എന്നിവയുടെ ചെക്പോസ്റ്റ് സ്പര്‍ശിക്കാതെ തമിഴ്നാട്ടില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ നിരവധി സമാന്തര റോഡുകളുണ്ട്.
പരിശോധനക്ക് ഉദ്യോഗസ്ഥരെത്തിയാല്‍ ആ വിവരമറിയിക്കാന്‍ പലരും പല വേഷത്തിലുമുണ്ട്. മുഴുവന്‍ ചെക്പോസ്റ്റ് അടച്ചാലും ഊട് വഴിയിലൂടെ ചരക്കുവാഹനങ്ങള്‍ക്ക് വണ്ടിത്താവളത്തെത്താം. ഇവിടങ്ങളില്‍ സ്ഥിരമായി ബാരിക്കേടുണ്ടെങ്കിലും അവ തുറന്നുവെക്കുകയാണ് പതിവ്. ഊടുവഴികളിലൂടെ അനധികൃതമായെത്തുന്ന വാഹനങ്ങള്‍ പരിശോധിക്കാന്‍ സ്ഥിരം സംവിധാനം ഏര്പ്പെടുത്തണമെന്നാവശ്യത്തിന് പഴക്കമേറെയാണ്.
സംസ്ഥാന ധന മന്ത്രിമാര്‍ ഇക്കാര്യം ആവര്‍ത്തിച്ച് പറയാറുണ്ടെങ്കിലും നടക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നികുതിപിരിവ് ശക്തിപെടുത്തുന്നതിന് ചെക്പോസ്റ്റുകളില്‍ നിലവില്‍ യാതൊരു സംവിധാനവുമില്ല. മുപ്പത് ജീവനക്കാരാണ് ഇവിടെ ആകെയുള്ളത്. പലയിടത്തും ജീവനക്കാര്‍ക്ക് പ്രാദമിക സൗകര്യങ്ങള്‍ക്കുള്ള സംവിധാനം പോലുമില്ല.
തമിഴ്നാട്ടില്‍ നിന്നും നികുതി നല്‍കാതെ വാഹനങ്ങള്‍ ഏറ്റവും കൂടുതല്‍ കടന്നുവരുന്നത് ഈ വഴികളിലൂടെയാണ്. നികുതി വെട്ടിച്ച് വാഹനങ്ങള്‍ കടത്തിവിടുന്നതിന് ചെക്പോസ്റ്റുകളില്‍ കൃത്രിമ തിരക്കും ഉണ്ടാക്കാറുണ്ട്. ഗതാഗതക്കുരുക്ക് വരുമ്പോള്‍ ഇത്തരം വാഹനങ്ങള്‍ കടന്നുപോകും.
ജില്ലാ ഭരണകൂടവും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: