കളമശേരി: 242 കോടി രൂപ ചെലവ് വരുന്ന ലോകോത്തര നിലവാരമുള്ള ഗവേഷണ കേന്ദ്രത്തിന് കുസാറ്റില്‍ പദ്ധതി. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് അനുകൂലമാണെന്ന് സിന്‍ഡിക്കേറ്റംഗം എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
കളമശേരിയിലെ കാമ്പസിലാണ് കേന്ദ്രം ഉയരുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള ലാബുകളും അക്കാദമിക് കോംപ്ലക്സുകളും ഉള്‍പ്പെടുന്ന പദ്ധതിക്ക് പരിസ്ഥിതി സൗഹൃദ കെട്ടിടമാണ് കുസാറ്റ് വിഭാവനം ചെയ്യുന്നത്.
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനെ തുടര്‍ന്ന് പിടിയിലായ 5 വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷയെഴുതാനുള്ള അവസരം നല്‍കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പിഴയായി 5,000 രൂപ വീതം അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്. പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണില്‍നിന്ന് പകര്‍ത്തിയെഴുതിയെന്നാണ് അധികൃതര്‍ കണ്ടെത്തിയത്.
സ്വീപ്പര്‍, പ്യൂണ്‍ തസ്തികയില്‍ നിയമനം നടത്തണമെന്ന എംഎല്‍എമാരായ എല്‍ദോ എബ്രഹാം, എം.സ്വരാജ് എന്നിവരുടെ ആവശ്യം സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. വിരമിച്ചവരാണ് പല വകുപ്പുകളിലും ജോലി ചെയ്യുന്നത്. കൂടുതല്‍ യുവതി യുവാക്കള്‍ക്ക് ജോലി നല്കാന് റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. വൈസ് ചാന്‍സിലര്‍ ഡോ. കെ ലത അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: