കണ്ണൂര്‍: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെച്ചൊല്ലി സിപിഎമ്മിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തേക്ക്. കഴിഞ്ഞ ദിവസംവരെ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ധനകാര്യമന്ത്രി തോമസ് ഐസക്കും അടക്കമുളളവര്‍ നോട്ട് അസാധുവാക്കിയ നടപടിയെ അടച്ചാക്ഷേപിച്ചെങ്കില് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ഇ.പി. ജയരാജന് കേന്ദ്രസര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് ഇന്നലെ രംഗത്തെത്തി.
കണ്ണൂരില്‍ നടന്ന വ്യാപാരി വ്യവസായിസമിതി സംസ്ഥാന സമ്മേളന ഉദ്ഘാടന വേദിയിലാണ് ബിജെപി സര്‍ക്കാരിന്റെ നടപടിയെ അനുകൂലിച്ച് ജയരാജന് രംഗത്തെത്തിയത്.
കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള മാര്‍ഗം നോട്ടു മരവിപ്പിക്കല്‍ മാത്രമാണെന്നും 1000, 500 രൂപയുടെ നോട്ടുകള്‍ മരവിപ്പിക്കാനുളള കേന്ദ്രസര്‍ക്കാര്‍ നടപടി ശരിയാണെന്നും ജയരാജന് പറഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുളള കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ജയരാജന് പറഞ്ഞു.
അതേസമയം നോട്ടുകള്‍ അസാധുവാക്കിയ നടപടിയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ജയരാജന്റെ അഭിപ്രായത്തിന് നേര് കടകവിരുദ്ധമായ അഭിപ്രായം ഇന്നലെ കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങള്‍ക്കെതിരെ മോദി സര്‍ക്കാര്‍ നടത്തിയ സര്‍ജിക്കല്‍ അക്രമണമാണ് നോട്ട് അസാധുവാക്കിയ നടപടിയെന്നും കളളപ്പണത്തിനെതിരെയല്ല സര്‍ക്കാര്‍ നടപടിയെന്നുമാണ് കോടിയേരി പറഞ്ഞത്.
കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് നടത്തിയ പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത നിമിഷം തന്നെ സിപിഎം നേതാവും ധനമന്ത്രിയുമായ തോമസ് ഐസക്ക് നടപടിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. നടപടി കളളപ്പണം പുറത്തു കൊണ്ടുവരാന്‍ സഹായിക്കില്ലെന്നും കളളപ്പണം പുറത്തു കൊണ്ടുവരാനുളള മാര്‍ഗ്ഗം ഇതല്ലെന്നും ഐസക്ക് വ്യക്തമാക്കുകയുണ്ടായി. കൂടാതെ ഇന്നലെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയും ഐസക്ക് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചതിന്റെ ഫലമായി നാട്ടിലുണ്ടായ അരാജകത്വം ഇത്ര ഭീകരമാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും മറ്റുമാണ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ രേഖപ്പെടുത്തിയത്.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ രാഷ്ട്രീയ ലക്ഷ്യംവെച്ച് അടച്ചാക്ഷേപിക്കുന്ന ചില സിപിഎം നേതാക്കളുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ്. അതിനിടയിലാണ് കേന്ദ്രകമ്മിറ്റി അംഗവും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ജയരാജന് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് രംഗത്തെത്തിയത്.
ജയരാജന്റെ അഭിപ്രായ പ്രകടനം സിപിഎമ്മിനകത്ത് നോട്ട് അസാധുവാക്കിയ നടപടിയെ ചൊല്ലി നിലനില്‍ക്കുന്ന അഭിപ്രായ വിത്യാസം തുറന്നു കാട്ടുന്നതായി. ജയരാജന്റെ അഭിപ്രായ പ്രകടനം വരും ദിവസങ്ങളില്‍ പാര്‍ട്ടിക്കുളളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: