തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണത്തിനെതിരെ തുടങ്ങിയ നടപടി കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയെയും സാരമായി ബാധിക്കും. തലവരി ഇനത്തില്‍ വാങ്ങിയ പണം എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് സ്വാശ്രയ മുതലാളിമാര്‍. സര്‍ക്കാര്‍ നടപടികള്‍ ശക്തമാകുന്നതോടെ തലവരിപ്പണം വാങ്ങുന്നത് നിര്‍ത്തേണ്ട സ്ഥിതിയിലേക്കെത്തുമെന്നാണ് വിലയിരുത്തല്‍.
ഒരു വര്‍ഷം സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ 1000 കോടിയുട കള്ളപ്പണം എത്തുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷത്തെ പ്രവേശന നടപടിക്രമങ്ങളിലൂടെ എത്തിയ പണത്തെയും കേന്ദ്രസര്‍ക്കാര്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കുന്നതുള്പ്പടെ കള്ളപ്പണത്തിനെതിരായി സ്വീകരിച്ച നടപടികള്‍ ബാധിക്കും.
സ്വാശ്രയ മെഡിക്കല്‍ സീറ്റിന് 90 ലക്ഷം രൂപയും അതിന് മുകളിലുമാണ് വാങ്ങുന്നത്. അഞ്ച് കൊല്ലത്തെ ഫീസ് ഒന്നിച്ചു വാങ്ങുന്ന രീതിയാണുള്ളത്. ഇതില്‍ 15 ലക്ഷം ഫീസും 15 ലക്ഷം നിക്ഷേപവുമാണ്. ഈ 30 ലക്ഷം മാത്രമാണ് കണക്കില്‍ ചേര്‍ക്കുക. ബാക്കി 60 ലക്ഷം രൂപ പണമായി സൂക്ഷിക്കുകയോ റിയല്‍ എസ്റ്റേറ് പോലുള്ള മേഖലയില്‍ നിക്ഷേപം നടത്തുകയോ ആണ് പതിവ്. 60 ലക്ഷം ഒരു വര്‍ഷം സൂക്ഷിക്കുകയും അടുത്ത വര്‍ഷം മാത്രം രേഖകളില്‍ കൊള്ളിക്കുകയും ചെയ്യുന്ന രീതിയാണ് സ്വാശ്രയ മേഖലകളിലുള്ളത്. 2900 എംബിബിഎസ് സീറ്റുകളില്‍ ഈ വര്‍ഷം സ്വാശ്രയ മേഖലയിലുണ്ടായത് 1550 ആണ്. ഈ ഇനത്തില്‍ തന്നെ 930 കോടിരൂപയാണ് സ്വാശ്രയ കോളേജുകളിലേക്കെത്തിയത്.
കള്ളപ്പണം നിക്ഷേപിക്കാനുള്ള സംവിധാനമായി വന്‍കിടക്കാര്‍ സ്വാശ്രയ മേഖലയെ ഉപയോഗിക്കുന്നു. കള്ളപ്പണത്തിനെതിരായ നടപടികള്‍ ശക്തമാകുന്നതോടെ തലവരിപ്പണം നല്കി സ്വാശ്രയ സീറ്റുകള്‍ സംഘടിപ്പിക്കുന്നവരുടെ തള്ളിക്കയറ്റം കുറയും. കള്ളപ്പണം വെളുപ്പിക്കാനുള്ള വഴിയായും സ്വാശ്രയ കോളേജുകളെ ഉപയോഗിച്ചിരുന്നു.
പ്രവേശനത്തിനല്ലാതെ, സ്വാശ്രയ വിദ്യാഭ്യാസത്തില്‍ നിക്ഷേപം നടത്തിയവരുമുണ്ട്. ചിലര്‍ സ്വാശ്രയ കോളേജ് തുടങ്ങുകയും ചെയ്തു. പഠിക്കാന്‍ കുട്ടികളില്ലാതിരുന്നിട്ടു കൂടി അവര്‍ കോളേജ് നടത്തിപ്പുമായി മുന്നോട്ടു പോയതും കള്ളപ്പണത്തിന്റെ ഉപയോഗം വ്യക്തമാക്കുന്നു. കോളേജുകള്‍ തുടങ്ങിയ ശേഷം വന്‍ തുകയ്ക്ക് പിന്നീട് കൈമാറ്റം ചെയ്തവരുമുണ്ട്.
കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്വാശ്രയ ലോബിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും കള്ളപ്പണ മാഫിയ സ്വാശ്രയ വിദ്യാഭ്യാസ മേഖലയെ ഉപയോഗിച്ചത്. കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള രാഷ്ട്രീയക്കാരായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ തഴച്ചു വളര്‍ന്നത് ഇവരുടെ കച്ചവടത്തെ സാരമായി ബാധിച്ചു.
ഈ വര്‍ഷം സര്‍ക്കാര്‍ നിലപാടും പ്രതിഷേധവുമൊക്കെ കാരണം സ്വാശ്രയമേഖലയിലെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തില്‍ അനശ്ചിതത്വം ഉണ്ടായി. അതിനാല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മറ്റുസംസ്ഥാനങ്ങളിലേക്ക് പോയി. കോടികള്‍ തലവരിപ്പണം നല്‍കിയാണ് ഇവര്‍ അവിടെ സീറ്റുകള്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: