ഭാരത്തിലെ ഏറ്റവും വലിയ സഹകാരി സംഘടനയായ സഹകാര്‍ ഭാരതിയുടെ 4-ാം സംസ്ഥാന സമ്മേളനം നവംബര്‍ തൃശൂരില്‍ നടക്കുകയാണ്. 1979 ല്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ലക്ഷ്മണ് റാവു ഇനാംദാര്‍ ആരംഭിച്ച സഹകാര്‍ ഭാരതി കേരളത്തില പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത് 2001 ലാണ്. സംസ്കാരമില്ലെങ്കില്‍ സഹകരണമില്ല, സഹകരണമില്ലെങ്കില്‍ പുരോഗതിയില്ല എന്ന ആശയത്തെ ഭാരതത്തിന്റെ സഹകരണ മേഖലയില്‍ അവതരിപ്പിച്ച് വിജയം നേടിയ പ്രസ്ഥാനമാണ് സഹകാര്‍ ഭാരതി. സംസ്ഥാനത്ത് 2010 ല്‍ ഈ സംഘടനയുടെ കീഴില്‍ സ്വാശ്രയ സംഘങ്ങളുടെ രൂപീകരണവും പ്രവര്‍ത്തനവും ആരംഭിച്ചു. അക്ഷയശ്രീ പരസ്പര സഹായ സുസ്ഥിര വികസന മിഷന്റെ കീഴില്‍ കേരളത്തില്‍ 5000 ത്തോളം സ്വാശ്രയ സംഘങ്ങളുണ്ട്.
സഹകരണ മേഖല സംസ്ഥാനത്തിന്റെ സാമൂഹിക ജീവിതത്തില്‍ ആഴത്തില്‍ വേരൂന്നി നില്‍ക്കുകയും അതേസമയം നിരവധി വെല്ലുവിളികള്‍ നേരിടുകയുമാണ്. 63-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിക്കുന്ന (നവംബര്‍ 14 മുതല്‍ 20 വരെ) സമയത്ത് തന്നെയാണ് സഹകാര്‍ഭാരതിയുടെ സമ്മേളനം നടക്കുന്നത് എന്നതും പ്രാധാന്യമര്‍ഹിക്കുന്നു.
കേരളത്തില്‍ സഹകരണ മേഖല വമ്പിച്ച വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. ഈ മേഖലയിലെ മൊത്ത നിക്ഷേപം ഒന്നര ലക്ഷം കോടിയോളമെത്തിയിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം വര്‍ദ്ധിക്കുന്നതനുസരിച്ച് വായ്പ നല്കാന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിക്ഷേപങ്ങള്‍ മറ്റ് മേഖലകളിലേക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുകയാണ്.
കേരളത്തില്‍ ഗ്രാമീണ മേഖലയില്‍ സഹകരണ മേഖല ഗണ്യമായ സ്വാധീനം നേടിയിട്ടുണ്ട്. ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ സ്വാധീനം വളരെ കുറവായതിനാല്‍ ഗ്രാമീണ ജനത ബാങ്കിംഗ് ഇടപാട് നടത്തുന്നതിനായി സഹകരണ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. പലവക സംഘങ്ങള്‍ ധാരാളമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ ഒരു പ്രദേശത്തു തന്നെ ഒന്നില്‍ കൂടുതല്‍ സഹകരണ സ്ഥാപനങ്ങള്‍ വന്നതിനാല്‍ ജനങ്ങള്‍ക്ക് കൊള്ളപ്പലിശക്കാരെ ആശ്രയിക്കാതെ ബാങ്കിംഗ് ഇടപാട് നടത്തുവാന്‍ കഴിയുന്നുണ്ട്.
97-ാം ഭരണഘടനാ ഭേദഗതി സഹകരണ രംഗത്ത് ഒരു നാഴികക്കല്ലാണ്. ഇതനുസരിച്ച് സഹകരണ സംഘങ്ങള്‍ രൂപീകരിക്കുക എന്നുള്ളത് പൗരന്റെ മൗലികാവകാശമായി മാറിയിരിക്കുകയാണ്. കേന്ദ്രത്തിന്റെ ഈ നിയമത്തെ അട്ടിമറിക്കുന്നതാണ് ഇതിന്റെ ചുവടുപിടിച്ച് കേരളത്തില്‍ 2014 ല്‍ നിലവില്‍ വന്ന നിയമം. സാമ്പത്തിക ഭദ്രത നോക്കി മാത്രമേ ഒരു സഹകരണ സംഘത്തിന് രജിസ്ട്രേഷന് നല്‍കുകയുള്ളു എന്നുള്ളത് രാഷ്ട്രീയ വിവേചനത്തിന് അവസരം നല്‍കിയിരിക്കുകയാണ്. സംസ്ഥാനത്ത് മാറിമാറി ഭരണം നടത്തുന്ന ഇരുമുന്നണികളും ഈ നിയമം അവര്‍ക്കനുകൂലമാക്കി ഉപയോഗിക്കുകയാണ്.
ജനങ്ങളെ ബാങ്കിംഗ് മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന് നിരവധി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചു വരികയാണ്. ഇന്ന് ഗ്രാമീണ മേഖലയില്‍ ഓരോ വീട്ടിലെയും ഒരംഗമെങ്കിലും സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നുണ്ട്. എങ്കിലും ആധുനിക സാങ്കേതിക മികവോടെ പ്രവര്‍ത്തിക്കുന്നതിന് ഇന്നും സഹകരണ മേഖലക്കാവുന്നില്ല എന്നത് ഒരു പോരായ്മയാണ്. കേന്ദ്ര ഗവണ്മെന്റ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ബൃഹത്തായ പദ്ധതിയാണ് ഡിഡിറ്റല്‍ ഇന്ത്യ. ഒരുലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2020 ഓടെ നടപ്പിലാക്കുന്നതിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വളരെ സുസജ്ജമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്ന ഈ പദ്ധതി ഇ-ക്രാന്തി ബാങ്കിംഗ് മേഖലയുടെ മുഖഛായ തന്നെ മാറ്റുമെന്നുറപ്പാണ്. ബാങ്കിംഗ് മേഖലയില്‍ റിസര്‍വ് ബാങ്ക് മുന്നോട്ട് വച്ച പേയ്മെന്റ് ബാങ്ക് സഹകരണ മേഖലക്ക് വെല്ലുവിളിയും അവസരവുമാണ്. പരമാവധി സേവനവും, ആധുനിക ബാങ്കിംഗ് സംവിധാനവും സഹകരണ സ്ഥാപനങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥ തലത്തില്‍ പ്രൊഫഷണലിസവും, കമ്പ്യൂട്ടറൈസേഷനും കോര്‍ ബാങ്കിംഗും, എടിഎം, ഇന്റര്‍നെറ്റും ബാങ്കിംഗും, മൊബൈല്‍ ബാങ്കിംഗും, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (ആര്‍ടിജിഎസ്/എന്‍ഇഎഫ്ടി) തുടങ്ങിയ ബാങ്കിംഗ് രംഗത്തെ ആധുനിക സാങ്കേതിക വിദ്യകളും ഇന്ന് അവിഭാജ്യ ഘടകമാണ്. ഇന്ത്യയിലെ മുഴുവന്‍ കുടുംബങ്ങളെയും ബാങ്കിടപാടുകാരാക്കുന്നതിനും അവര്‍ക്കുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയതാണ് ജന്‍ധന്‍ യോജന പദ്ധതി. ദേശസാല്‍കൃത, സ്വകാര്യ ബാങ്കുകള്‍ക്കും കോര്‍ബാങ്കിംഗ് സൗകര്യമുള്ള ജില്ലാ ബാങ്കുകള്‍ക്കുമാണ് ഈ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇത് തന്നെ സഹകരണ ബാങ്കുകളുടെ ആധുനിക ബാങ്കിംഗ് സംവിധാനത്തിലെ ദുര്‍ബലത വ്യക്തമാക്കുന്നതാണ്.
കേരളത്തില്‍ സര്‍ക്കാര്‍ നടപ്പലാക്കുവാനുദ്ദേശിക്കുന്ന കേരള ബാങ്ക് ഈ മേഖലയില്‍ വഴിത്തിരിവായിരിക്കും. ത്രീ-ടയര്‍ സമ്പ്രദായത്തില്‍ നിന്നു ടൂ-ടയര്‍ രീതിയിലേക്ക് മാറുമ്പോള്‍ ഇന്നുവരെ തുടര്‍ന്നതില്‍ നിന്നു എന്ത് വ്യതിയാനമാണ് ഉണ്ടാക്കുക എന്നതിനെ സംബന്ധിച്ച് വിശദമായ പഠനം ആവശ്യമാണ്. ഇത് നടപ്പിലാക്കുന്നതിന് മുമ്പ് ഈ മേഖലയിലെ ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തേണ്ടത് അനിവാര്യമാണ്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ പൂര്‍ണ്ണമായ നിയന്ത്രണം സഹകരണ വകുപ്പിന് കീഴിലാണ്. ഓരോ സംഘത്തിനും തീരുമാനമെടുത്ത് കാര്യങ്ങള്‍ നടപ്പിലാക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ ജീവനക്കാരുടെ കുറവ് മൂലം സഹകരണ വകുപ്പില്‍ നിന്ന് ഉത്തരവ് ലഭിക്കണമെങ്കില്‍ വലിയ കാലതാമസം നേരിടുകയാണ്. ഇത് സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത്.
സഹകരണ പ്രസ്ഥാനത്തിന്റെ ശുദ്ധി, വൃദ്ധി, പ്രചാരം എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സഹകാര്‍ ഭാരതി സഹകരണ മേഖല രാഷ്ട്രീയ മുക്തമാക്കിക്കൊണ്ട് പരസ്പരാശ്രയത്തില്‍ അധിഷ്ഠിതമായ ശരിയായ അര്‍ത്ഥത്തിലുള്ള സഹകരണമാണ് ലക്ഷ്യമിടുന്നത്. അഴിമതിമുക്തമായി സ്വന്തം പ്രതിഛായ വര്‍ദ്ധിപ്പിച്ച് ഓരോ സഹകരണ സംഘവും സാധ്യതകളെ സ്വീകരിച്ച് മുന്നേറിയാല്‍ വമ്പിച്ച പുരോഗതി കൈവരിക്കാവുന്നതാണ്. സഹകരണം ആഗോള പ്രസ്ഥാനമാണ്. ആഗോളീകരണത്തിനും സാമ്പത്തിക മാന്ദ്യത്തിലും ശക്തമായി വളരുകയാണ് സഹകരണം. വെല്ലുവിളികളെ അവസരമായി നേരിട്ട് അനന്തമായ സാധ്യതകളെ വരവേല്‍ക്കാന്‍ ഉതകുന്ന വിഷയങ്ങള്‍ സഹകാര്‍ഭാരതിയുടെ സമ്മേളനം ചര്‍ച്ച ചെയ്യും.
കേന്ദ്ര സഹരണ സഹമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തില്‍ മറ്റ് പ്രമുഖ സഹകാരികളും വിഷയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ വിവേചനം അവസാനിപ്പിക്കുന്നതിനുള്ള വിവിധ പരിപാടികളെപ്പറ്റിയും ഈ സമ്മേളനം തീരുമാനമെടുക്കും.
(സഹകാര്‍ ഭാരതി സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: