കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാത്തത് അഴിമതി മറച്ചുവെക്കാനും അഴിമതിക്കാരെ സംരക്ഷിക്കാനും വേണ്ടിയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. കെ.ശ്രീകാന്ത് ആരോപിച്ചു.
2013-14, 2014-15 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ജില്ലാ പഞ്ചായത്തില്‍ നടന്ന കോടികളുടെ അഴിമതിയെ കുറിച്ച് പരാമര്‍ശമുണ്ട്. ആ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വേണ്ടി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തില്‍ നോട്ടിസിനൊപ്പം തന്നെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും അംഗങ്ങള്‍ക്ക് നല്‍കേണ്ടതായിരുന്നു. അത് നല്‍കിയിട്ടില്ലെന്നു മാത്രമല്ല യോഗത്തിന്റെ തുടക്കത്തില്‍ തന്നെ പകര്‍പ്പ് ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും അത് നല്കാന് പ്രസിഡണ്ട് തയ്യാറായില്ല. പകരം റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപത്തിന്റെ പകര്‍പ്പ് വിതരണം ചെയ്തു. ഒരു കാര്യവുമില്ലാത്ത തികച്ചും അവ്യക്തതയുള്ളതും അപൂര്‍ണ്ണവുമായ രേഖയാണിതെന്ന് അഡ്വ.കെ.ശ്രീകാന്ത് ആരോപിച്ചു.
ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ വേണ്ടി പ്രത്യേകം വിളിച്ച യോഗത്തില്‍ അതിന്റെ പകര്‍പ്പ് നല്‍കാതെ എന്ത് ചര്‍ച്ച ചെയ്യാനാണെന്ന് പ്രസിഡണ്ട് യോഗം വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ ബന്ധപ്പെട്ടവര്‍ക്ക് ഉത്തരമില്ലായിരുന്നു. ഒഡിറ്റിംഗ് വിഭാഗം കോടികളുടെ അഴിമതികളെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അംഗങ്ങള്‍ക്ക് റിപ്പോര്‍ട്ടിന്റെ കോപ്പി നല്‍കാതെ അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് മറച്ചവെയ്ക്കലിന്റെ പിന്നിലെ ലക്ഷ്യമെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ എന്‍ഡിഎഫ് ഭരണ സമിതിയിലെ അഴിമതിക്കാരെ നിലവിലെ യുഡിഎഫ് ഭരണ സമിതി നേതൃത്വം സംരക്ഷിക്കുകയാണ്. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ്- എല്‍ഡിഎഫ് പരസ്പര രഹസ്യ ധാരണയിലാണെന്ന് അഡ്വ. കെ. ശ്രീകാന്ത് ആരോപിച്ചു. അഴിമതിക്കാരെ പരസ്പരം സംരക്ഷിക്കുന്ന നിലപാടാണ് ഇടത് വലത് മുന്നണികള്‍ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: