തൊടുപുഴ: കേന്ദ്രസര്‍ക്കാര്‍ കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന് വേണ്ടി 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസമായി ബാങ്കുകളില്‍ തിരക്കേറുമ്പോഴും മാറ്റമില്ലാതെ ഇടത് ബാങ്ക് ജീവനക്കാരുടെ സംസ്ഥാന സമ്മേളനം ഇന്ന് തൊടുപുഴയില്‍ തുടങ്ങും.
കേരളത്തിലെ ജനങ്ങള്‍ രൂപ മാറിയെടുക്കാന്‍ നെട്ടോട്ടമോടുമ്പോഴാണ് ഇത്തരത്തിലൊരു പരിപാടിയുമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്‍ഡ്യ(ബെഫി) മുന്നോട്ട് പോകുന്നത്. ഇന്ന് മുതല്‍ മൂന്ന് ദിവസം ബാങ്കുകളില്‍ ഇടത് ബാങ്ക് ജീവനക്കാര്‍ ഉണ്ടാവില്ല. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സമ്മേളന തീയതി മാറ്റിവെക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നെങ്കിലും സിഐറ്റിയു നേതൃത്വം അനുമതി നല്‍കിയില്ല. ബാങ്ക് ജീവനക്കാര്‍ പങ്കെടുക്കേണ്ട പ്രകടനവും ഉപേക്ഷിക്കാന്‍ ബെഫി തയ്യാറായിട്ടില്ല. ഇത് കേന്ദ്ര സര്‍ക്കാരിന് എതിരെ സാധാരണ ജനങ്ങളെ തിരിക്കുവാനുള്ള അവസരമായി കണ്ടാല്‍ മതിയെന്നാണ് സിപിഎം നേതൃത്വം നല്കിയ ഉപദേശം.
എറ്റവും കുടുതല്‍ ഇടപാടുകള്‍ നടക്കേണ്ട രണ്ടാം ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ബാങ്കുകളില്‍ ആളില്ലാതെ വരുന്നതോടെ ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം. ബാങ്കുകളില്‍ നിന്നും ജീവനക്കാര്‍ മാറുന്നതോടെ സ്ഥിതി കൂടുതല്‍ മോശമാകും. ജോലി സമയങ്ങളില്‍ ആഘോഷങ്ങള്‍ പോലും പാടില്ലെന്ന് പറഞ്ഞ സര്‍ക്കാരാണ് അടിയന്തര സാഹചര്യത്തില്‍ പോലും ഇത്തരമൊരു പരിപാടിയ്ക്ക് അനുമതി നല്കിയതെന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: