കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പാക്കില്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ അന്നദാന മണ്ഡപനിര്മ്മാണത്തിന് നഗരസഭ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് പ്രാര്‍ത്ഥന യജ്ഞം നടത്തും. ക്ഷേത്രമൈതാനത്ത് രാവിലെ 8ന് ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായിസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. മുന്നോക്ക സമുദായ ഐക്യമുന്നണി സംസ്ഥാന പ്രസിഡന്റ് ടി.എം. അരവിന്ദാക്ഷക്കുറുപ്പ് പയ്യന്നൂര്‍ മുഖ്യപ്രഭാഷണം നടത്തും.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ. പങ്കജാക്ഷന് നായര്‍ അദ്ധ്യക്ഷത വഹിക്കും.
ദേവസ്വം ബോര്‍ഡിന്റേയും ഭക്തജനങ്ങളുടെയും സംയുക്ത സംരംഭമായി അന്നദാനമണ്ഡപത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2016 ഫെബ്രുവരി 11ന് ആരംഭിച്ചിരുന്നു. എന്നാല്‍ സമീപവാസികള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തിവച്ചു.
തുടര്‍ന്ന് നഗരസഭയുടെ നിയമങ്ങള്‍ പാലിച്ച് മണ്ഡപം നിര്‍മ്മിക്കാന്‍ 2016 ജൂലൈ ഒന്നിന് കോടതി ഉത്തരവ് നല്കി. എന്നാല്‍ നഗരസഭയില്‍ അനുമതിക്ക് നിയമാനുസൃത രേഖകള്‍ സഹിതം സമര്‍പ്പിച്ച അപേക്ഷയില്‍ നാളിതുവരെ നടപടിയായില്ല.
നിരവധി തവണ നഗരസഭയില്‍ തിരിക്കിയിട്ടും അനുമതി നിഷേധിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തിയില്ല. കോട്ടയം മുനിസിപ്പാലിറ്റിയുടെ ഈ നിഷേധാത്മകമായ നിലപാടിനെതിരെ യാണ് ക്ഷേത്ര ഉപദേശകസമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥനായജ്ഞം നടത്തുന്നത്.
എസ്എന്‍ഡിപി യോഗം താലൂക്ക് പ്രസിഡന്റ്എ.ജി. തങ്കപ്പന്, മുന്നോക്ക സമുദായ ഐക്യമുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി സോമനാചാര്യര് മണ്ണടി, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.സി. രവി, എന്‍എസ്എസ് താലൂക്ക് യുണിയന്‍ മെമ്പര്‍ ജി. ശശികുമാര്‍, വിവിധ ഹൈന്ദവ സംഘടനാ നേതാക്കളായ സുരേഷ് ബാബു എന്‍, വി.എസ്. മണിക്കുട്ടന് നമ്പൂതിരി, പി.റ്റി. ബാബുമോന്, കെ.എം. നാരായണനുണ്ണി, രത്നാകര ഷേണായ് എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: