കാസര്‍കോട്: പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ മാറാനും നിക്ഷേപിക്കുവാനുമായി ബാങ്കിലെത്തുന്നവരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങള്‍ കാസര്‍കോട് ജില്ലയില്‍ വ്യാപകമാകുന്നതായി പരാതി. കുമ്പള ഊജാര്‍ ഉളുവാറിലെ മുഹമ്മദ് കുഞ്ഞിയുടെ 68,000 രൂപയാണ് ഇന്നലെ രാവിലെ നഷ്ടപ്പെട്ടത്.
കുമ്പളയിലെ സിണ്ടിക്കേറ്റ് ബാങ്കില്‍ പണം നിക്ഷേപിക്കാനെത്തിയതായിരുന്നു. പ്ലാസ്റ്റിക് കവറിലാക്കി പാസ് ബുക്കിനൊപ്പം കൈവശം വെച്ച രൂപയാണ് നഷ്ടമായത്. ബാങ്കിലെ തിരക്കിനിടെയാണ് പണം കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ദിവസം കാസര്‍കോട് കൂഡ്ലുവിലെ വിട്ടല്‍ നായകിന്റെ ഭാര്യ ഗിരിജയുടെ 40,000 രൂപയടങ്ങിയ സഞ്ചി നഷ്ടപ്പെട്ടിരുന്നു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലെ കാനറാ ബാങ്കില്‍ വെച്ചാണ് ഗിരിജയുടെ പണം നഷ്ടപ്പെട്ടത്. കുമ്പളയില്‍ ബാങ്കിലെത്തിയ മറ്റൊരു വീട്ടമ്മയുടെ പണവും കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വീട്ടമ്മയുടെ 3000 രൂപയാണ് നഷ്ടപ്പെട്ടത്.
കുമ്പള സിണ്ടിക്കേറ്റ് ബാങ്കിലെത്തിയ സ്ത്രീയുടെ പണമാണ് നഷ്ടപ്പെട്ടത്. ബാങ്കില്‍ നിന്ന് നല്കിയ ഫോറം പൂരിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞെത്തിയ ഒരാളാണ് വീട്ടമ്മയെ കബളിപ്പിച്ച് പണം കൈക്കലാക്കിയത്. ബാങ്കുകളിലെ തിരക്ക് മുതലെടുത്ത് വീട്ടമ്മമാരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘം തന്നെ പ്രവര്‍ത്തിച്ച് വരുന്നതായി പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: