മനസ്സിന് മൂര്‍ത്തമായ അഭ്യാസം കൈവരുത്തുന്ന പലതരം രൂപങ്ങളുണ്ട്. അവയിലൂടെ പടിപടിയായി അമൂര്‍ത്തബോധത്തിലേക്കും അമൂര്‍ത്തസാക്ഷാത്കാരത്തിലേക്കും നാം വരും. ഒരേ രൂപമല്ല എല്ലാവര്ക്കും. നിങ്ങള്‍ക്ക് യോജിക്കുന്ന ഒരു രൂപമുണ്ട്, വേറൊരാള്‍ക്ക് യോജിക്കുന്ന വേറൊന്നും- ഇങ്ങനെ പോകുന്നു. രൂപങ്ങള്‍, ഒരേ ലക്ഷ്യത്തിലേക്ക് നയിക്കുന്നവയെങ്കിലും, അവ നമുക്കെല്ലാവര്‍ക്കും വേണ്ടിയല്ല, ഇവിടെയാണ് നാം സാധാരണ വരുത്താറുള്ള വേറൊരു തെറ്റ്.
എന്റെ ആദര്‍ശം നിങ്ങള്‍ക്ക് ചേരുന്നില്ല. പിന്നെയെന്തിന് ഞാനത് നിങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നു? പള്ളി പണിയുന്നതിനും സ്തോത്രപാരായണത്തിനും എനിക്കുള്ള രീതി നിങ്ങള്‍ക്ക് ചേരുന്നില്ല; ഞാന്‍ അതെന്തിന് നിങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കണം? ലോകത്തിലേക്ക് ചെല്ലൂ, തന്റെ രൂപം മാത്രമാണ് ശരിയെന്നും മറ്റ് രൂപങ്ങളെല്ലാം പൈശാചികമാണെന്നും താന്‍ മാത്രമാണ് ലോകത്ത് ജനിച്ചിട്ടുള്ളവരില്‍ അനുഗൃഹീതനെന്നും ഓരോ മഠയനും പറയുന്നുണ്ട്.
എന്നാല്‍ വാസ്തവത്തില്‍ ഈ രൂപങ്ങളെല്ലാം നല്ലതും സഹായകവുമാകുന്നു, മനുഷ്യ പ്രകൃതിയില്‍ ചില വൈവിധ്യങ്ങളുളളതുപോലെ മതത്തിലും വേണം അത്രതന്നെ രൂപങ്ങള്‍. അവ എത്രയേറെയുണ്ടോ അത്രയും ലോകത്തിന് നല്ലതുതന്നെ.
ലോകത്ത് ഇരുപത് മതരൂപങ്ങളുണ്ടെങ്കില്‍ അത് വളരെ നല്ലത്; നാനൂറുണ്ടെങ്കില്‍ അത്രയ്ക്ക് കൂടുതല്‍ നല്ലത്. കൂടുതലെണ്ണത്തില്നിന്ന് തിരഞ്ഞെടുക്കാമല്ലൊ. അതിനാല്‍, മതസംഖ്യയും മതാശയങ്ങളും പെരുകിവരുമ്പോള്‍ നാം സന്തോഷിക്കണം; എന്തെന്നാല്‍; അവയപ്പോള്‍ എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുകയും മനുഷ്യവര്‍ഗത്തിന് കൂടുതല്‍ ഉപകരിക്കുകയും ചെയ്യും.
ഓരോ മനുഷ്യനും മറ്റൊരുവന്റെതില്നിന്നും പാടെ ഭിന്നമായി തനതു മതം ഉണ്ടായിവരുംവരെ മതങ്ങള്‍ പെരുകാന്‍ ഈശ്വരന് കനിഞ്ഞിരുന്നെങ്കില്‍! ഇതാണ് ഭക്തിയോഗിയുടെ ആശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: