കോഴിക്കോട്: സഹകരണ ബാങ്കുകളെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് കത്തയച്ചു.
30000 കോടി രൂപയുടെ കള്ളപ്പണമാണ് കേരളത്തിലെ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ചതെന്നാണ് വിവരം. റിയല്‍ എസ്റ്റേറ്റ് മാഫിയയും രാഷ്ട്രീയ നേതാക്കളും ഹവാല ഇടപാടുകാരും ഭീകരവാദികളും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ വിശാല താല്‍പ്പര്യം പരിഗണിച്ച് ഈ നിക്ഷേപങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിച്ച് നടപടി എടുക്കണമെന്ന് സുരേന്ദ്രന് കത്തില്‍ ആവശ്യപ്പെട്ടു.
500 രൂപയുടെയും 1000 രൂപയുടെയും കറന്‍സികള്‍ പിന്‍വലിച്ചതിനെതിരെ രംഗത്തു വന്ന മന്ത്രി തോമസ് ഐസക്കിന്റെ വാദങ്ങള്‍ വിചിത്രമാണെന്ന് കെ. സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎമ്മും എസ്ഡിപിഐയുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. സിപിഎം നേതാക്കള്‍ പരിഭ്രാന്തിയിലായിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെ വേവലാതിയുടെ കാരണം ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.
സഹകരണ സ്ഥാപനങ്ങളില്‍ വരുമാന സ്രോതസ്സ് വെളിപ്പെടുത്താതെ നിക്ഷേപിച്ച കോടിക്കണക്കിന് രൂപയുടെ ഉടമകളെ സംരക്ഷിക്കാനാണ് മന്ത്രിയുടെ നീക്കം. പാവപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടി ആരംഭിക്കുകയും ഇക്കാരണത്താല്‍ റിസര്‍വ് ബാങ്കിന്റെ ഇളവുകള്‍ നേടുകയും ചെയ്ത സഹകരണ ബാങ്കുകള്‍ റിയല്‍ എസ്റ്റേറ്റ,് കുഴല്‍പ്പണ, മത തീവ്രവാദ ശക്തികളുടെ നിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. സിപിഎം നേതാക്കളുടെ കണക്കില്‍പ്പെടാത്ത പണവും സഹകരണ ബാങ്കിലാണുള്ളത്.
മാറാട് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധി സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. മുടന്തന്‍ ന്യായങ്ങള്‍ നിരത്തി മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദപ്രകാരം സിബിഐ അന്വേഷണത്തെ തടയിടുകയായിരുന്നു. വൈകിയാണെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതി അംഗം അഡ്വ. വി.പി. ശ്രീപത്മനാഭനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: