കൊച്ചി: ഇറച്ചിക്കോഴി മൊത്തക്കച്ചവടക്കാരുടെ നികുതി വെട്ടിപ്പിന് കൂട്ടു നിന്ന് മുന്‍മന്ത്രി കെ.എം. മാണി സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിവെച്ചുവെന്ന കേസില്‍ പരാതിക്കാരനായ ബി ജെ പി നേതാവ് നോബിള്‍ മാത്യുവിന്റെ മൊഴി വിജിലന്‍സ് അന്വേഷണ സംഘം രേഖപ്പെടുത്തി. വിജിലന്‍സ് തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി ആര്.ഡി. അജിത് ആണ് മൊഴിയെടുത്തത്.
ഇറച്ചിക്കോഴി അഴിമിതിയില്‍ മാണിക്കൊപ്പം മകന് ജോസ് കെ മാണിയും പങ്കാളിയാണെന്ന് നോബിള്‍ മാത്യു മൊഴി നല്കി. ജോസ് കെ മാണി തോംസണ്‍ ഗ്രൂപ്പില്‍ നിന്ന് പണം കൈപ്പറ്റിയതിനെക്കുറിച്ചും അന്വേഷണം വേണമെന്ന് മൊഴിയില്‍ പറഞ്ഞു. തോംസണ്‍ ഗ്രൂപ്പിന്റെ നികുതി വെട്ടിപ്പ് എഴുതിത്തള്ളിക്കൊണ്ടുള്ള ഉത്തരവ് വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ (അപ്പീല്‍) വി.ജെ. ചാള്‍സ് തയ്യാറാക്കിയത് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ വെച്ചല്ലെന്നും എതിര്‍കക്ഷികളുമായി ചേര്‍ന്ന് ഏതോ വക്കീലിന്റെ ഓഫീസിലാണ് തയ്യാറാക്കിയതെന്നും നോബിള്‍ മാത്യു മൊഴി നല്കി. വിജിലന്‍സ് നിയമോപദേശകനായ മുരളീകൃഷ്ണന് അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയാണ് ഇതിന് പിന്നിലുള്ളത്.
ഇറച്ചിക്കോഴി മൊത്തവിതരണക്കാരനായ തോംസണ്‍ ഗ്രൂപ്പ് ഉടമ ഇരിങ്ങാലക്കുട കൊമ്പൊടിഞ്ഞാമാക്കല്‍ പി.ടി. ഡേവിസും ബന്ധുക്കളും നടത്തിയ നികുതി വെട്ടിപ്പ് എഴുതിത്തള്ളിയതിലൂടെ 65 കോടിയും ആയുര്‍വേദ മരുന്നു കമ്പനികള്‍ക്ക് നികുതി കുറച്ചു കൊടുത്തതിലൂടെ 150 കോടി രൂപയും ഖജനാവിന് നഷ്ടം സംഭവിച്ചുവെന്നാണ് വിജിലന്‍സ് എറണാകുളം റേഞ്ച് നടത്തിയ ത്വരിതാന്വേഷണത്തില്‍ കണ്ടെത്തിയത്. എറണാകുളം റേഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും പിന്നീട് അന്വേഷണം തിരുവനന്തപുരം യൂണിറ്റിന് കൈമാറുകയായിരുന്നു. രണ്ടു മാസത്തിനകം കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് വിജിലന്‍സ് ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: