മാനന്തവാടി: സമരഭൂമിയില്‍നിന്ന് ഒരാളെയും ഇറക്കിവിടാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. കേരളാ ആദിവാസി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ നടന്ന വനവാസി ഭൂസമര പ്രഖ്യാപന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
വാഗ്ദാനങ്ങള്‍ നല്കി അവശതയനുഭവിക്കുന്ന വനവാസി വിഭാഗത്തെ മുന്നില്‍നിര്‍ത്തി കുടില്‍കെട്ടി സമരത്തിന് നേതൃത്വം നല്‍കിയതാണ് സിപിഎം. അവര്‍ അധികാരത്തിലെത്തിയപ്പോള്‍ വനവാസി ജനതയെ പാര്‍ശ്വവല്‍ക്കരിച്ച് ഭരിക്കാമെന്ന് വ്യാമോഹിക്കേണ്ട. എസ് ടി-എസ്സി മേഖലയുടെ പ്രശ്നം അറിയാനായി കേന്ദ്രത്തിലെ എസ് ടി-എസ്സി കമ്മീഷന് നേരിട്ട് സന്ദര്‍ശിക്കും.
പട്ടികജാതി/വര്‍ഗ്ഗത്തിന് അവകാശപ്പെട്ട ഭൂമി കേരളത്തിലുണ്ട്. പാട്ടകാലാവധി കഴിഞ്ഞ എസ്റ്റേറ്റ് ഉടമകളുടെ മുന്നില്‍ അരിവാളുപോലെ മുഖ്യമന്ത്രി നട്ടെല്ലുവളയ്ക്കാതെ ഭൂമി തിരിച്ചുപിടിക്കാന്‍ തയ്യാറാകണം. കള്ളപ്പണം കണ്ടുകെട്ടാന്‍ നിര്‍ണ്ണായക തീരുമാനമെടുത്ത നരേന്ദ്രമോദിയെ രാഷ്ട്രീയ പ്രതിയോഗിയായ നിതീഷ്കുമാര്‍ വരെ സ്വാഗതം ചെയ്തപ്പോള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത് കേരളാ ഭരണകൂടം മാത്രമാണ്. കള്ളപ്പണക്കാരുടെ സഹായം കൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. അതിന്റെ നന്ദി സൂചകമായാണ് തോമസ് ഐസക്ക് നോട്ട് പിന്‍വലിച്ചതിനെതിരെ പ്രതിഷേധിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പാലേരി രാമന് അദ്ധ്യക്ഷത വഹിച്ചു. എസ്ടി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സഞ്ജു, വൈസ് പ്രസിഡന്റ് കെ.കെ.ബാലകൃഷ്ണന്, സംസ്ഥാന സെക്രട്ടറി പള്ളിയറ മുകുന്ദന്, ബിജെപി ജില്ലാപ്രസിഡന്റ് സജി ശങ്കര്‍, സി.എ.ബാബു, രാജ്മോഹന്‍, സിന്ധു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: