കോഴിക്കോട്: ജ്ഞാന സംവാദ സദസ്സിന്റെ ചരിത്രവുമായി രേവതിപട്ടത്താനം 12ന് നടക്കും. തളി സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഗുരുവായൂരപ്പന്ഹാളിലാണ് പട്ടത്താനം സംഘടിപ്പിക്കുന്നത്. മനോരമ തമ്പുരാട്ടി പുരസ്കാരം പ്രൊഫ. തുറവൂര്‍ വിശ്വംഭരന് സമ്മാനിക്കും. രേവതി പട്ടത്താനത്തിന്റെ ഭാഗമായി 12ന് സാമൂതിരി രാജാവ് കെ.സി. ഉണ്ണി അനുജന് രാജ പുരസ്കാരം സമര്‍പ്പിക്കും.
രാവിലെ എട്ടിന് കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിക്കുന്ന വേദപണ്ഡിതന് സാമൂതിരി രാജാവ് ആചാരപ്രകാരം പണക്കിഴി നല്കി ആദരിക്കുന്നതോടെയാണ് പട്ടത്താന ചടങ്ങുകള്‍ക്ക് തുടക്കമാവുക. തുടര്‍ന്നു ഘോഷയാത്രയായി തളിക്ഷേത്രത്തില്‍ നിന്ന് തെളിയിച്ച ദീപനാളത്തിന്റെ അകമ്പടിയോടുകൂടി മഹാദേവന്റെ ചിത്രം ആനപ്പുറത്തേറി പ്രത്യേകം സജ്ജമാക്കിയ സാമൂതിരി ഗുരുവായൂരപ്പന് ഹാളിലെ പട്ടത്താനശാലയിലേക്ക് എത്തിക്കും. താലപ്പൊലി, പഞ്ചവാദ്യം, കളരി എന്നിവയുടെ അകമ്പടിയും ഉണ്ടാവും.
ഘോഷയാത്രയ്ക്ക് നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, സാമൂതിരിരാജാവ് കെ.സി. ഉണ്ണിയനുജന്‍ രാജ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
തുടര്‍ന്നു പട്ടത്താനസദസിന്റെ ഉദ്ഘാടനം സ്പീക്കര്‍ പി. ശ്രീ രാമകൃഷ്ണന് നിര്‍വഹിക്കും. ഡോ. മുരളി മാധവ് മുഖ്യപ്രഭാഷണം നടത്തും.
വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് മുഖ്യാതിഥിയാവും. മികച്ച കവിതാസമാഹാരത്തിനുള്ള കൃഷ്ണഗീതി പുരസ്കാരം പൂനൂര് കെ. കരുണാകരനും ക്ഷേത്ര കലാകാരനുള്ള കുട്ടിയേട്ടന് രാജ പുരസ്കാരം വി.ആര്. കൃഷ്ണന്നമ്പൂതിരിയ്ക്കും സാമൂതിരിരാജാവ് സമര്‍പ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ രേവതി പട്ടത്താന സമിതി സെക്രട്ടറി ടി.ആര്. രാമവര്‍മ, ചെയര്മാന് ടി.എം. ബാലകൃഷ്ണ ഏറാടി, കണ്‍വീനര്‍ അഡ്വ. ഗോവിന്ദ് ചന്ദ്രശേഖര്‍, എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എം. ചന്ദ്രദാസ്, പി. ബാലകൃഷ്ണന്, പി.കെ. പ്രദീപ് കുമാര്‍ രാജ, എക്സിക്യൂട്ടീവ് അംഗം ഡോ. സര്‍വോത്തമന്‍ നെടുങ്ങാടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: