തിരുവനന്തപുരം: വികസനകാര്യത്തില്‍ കേരളം ഒരു ചുവടുമുന്നോട്ടുവച്ചാല് കേന്ദ്രം രണ്ട് ചുവടുവയ്ക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്മ്മേന്ദ്രപ്രധാന്. ഭാരതത്തിലെ ഗതാഗത മന്ത്രിമാരുടെ നാലാമത് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.
എല്‍എന്‍ജി പദ്ധതികളുടെ വ്യാപനം രാഷ്ട്രീയത്തിനതീതമായി നടപ്പാക്കണം. ദല്‍ഹിയില്‍ പരസ്പരം കുറ്റപ്പെടുത്തലുകളാണ് അരങ്ങേറുന്നത്. ഇക്കാര്യത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഇതു തുറന്നു പറയുന്നതില്‍ മടിയില്ല.
ഇന്ന് ദല്‍ഹി ഗുരുതരമായ പാരിസ്ഥിതി മലിനീകരണം നേരിടുന്നു. അതേസമയം ലോകമെമ്പാടുമുള്ള ജനങ്ങള്‍ ശുദ്ധവായു ശ്വസിക്കാന്‍ കേരളത്തിലെത്തുന്നു. കേരളം ദൈവത്തിന്റെ സ്വന്തം നാടായി നിലനില്ക്കണമെങ്കില് പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ നൂതന മാതൃകകള്‍ അവലംബിക്കണം. ഇക്കാര്യത്തില്‍ കേരളം നടത്തുന്ന ശ്രമങ്ങള്‍ രാജ്യത്തിനാകെ മാതൃകയാണ്. എല്‍എന്‍ജി, സിഎന്‍ജി ഇന്ധനമുപയോഗിക്കുന്ന 3000 ബസുകള്‍ പൊതുഗതാഗതത്തിനായി വാങ്ങാനുള്ള കേരളത്തിന്റെ തീരുമാനം പ്രശംസനീയമാണ്. എല്‍എന്‍ജി ബസ്സുകളുടെ വ്യാപനത്തിന് ത്വരിതവേഗം നല്കാന് കൊച്ചി-മംഗലാപുരം പൈപ്പ്ലൈന് പദ്ധതി യാഥാര്‍ത്ഥ്യമാക്കണം. ഇത് നടപ്പായാല്‍ കേരളത്തിന്റെ സമ്പദ്ഘടന തന്നെ മാറിമറിയും. ഗതാഗത മേഖലയില്‍ 26 ശതമാനം പ്രകൃതി വാതകം ഉപയോഗിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്തിനോടാണ് ഇക്കാര്യത്തില്‍ കേരളം മത്സരിക്കേണ്ടിവരികയെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ എല്‍എന്‍ജിക്ക് സംസ്ഥാനം ഏര്‍പ്പെടുത്തിയ വാറ്റ് പിന്‍വലിക്കണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. ഗ്യാസ് ഉപയോഗിച്ചുള്ള പവര്‍പ്ലാന്റുകളുടെ സാധ്യതയും കൊച്ചിന് റിഫൈനറിയില്‍ നിന്ന് പാലക്കാട്ടേയ്ക്കുള്ള പൈപ്പ് ലൈനിന്റെ സാധ്യതയും ചര്‍ച്ച ചെയ്തു. കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന സമരങ്ങള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണത്തെ ബാധിക്കുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഒരുമിച്ചു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം. ഇന്ത്യന്‍ ഓയില്‍ എറണാകുളത്ത് 2017 മാര്‍ച്ചോടെ അഞ്ച് സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കും. കെഎസ്ആര്‍ടിസി ഡിപ്പോകളോട് ചേര്‍ന്ന് പ്രകൃതി വാതകവിതരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് ആലോചിക്കും.
മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മണ്ണെണ്ണ വിഹിതം ലഭ്യമാക്കുന്നതിന് കേന്ദ്രം സഹായിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തി വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: