ന്യൂദല്‍ഹി: രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവായി. രാത്രി 8 മണിക്ക് രാഷ്ട്രത്തെ അടിയന്തരമായി അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കള്ളപ്പണത്തിനും കള്ളനോട്ടിനുമെതിരെ അന്തിമ യുദ്ധപ്രഖ്യാപനം നടത്തിയത്. കോടിക്കണക്കിന് രൂപ നികുതി വെട്ടിച്ച് രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണക്കാരെ പിടികൂടാനുള്ള ശക്തമായ നടപടിയാണിത്. പുതിയ നടപടികളെപ്പറ്റി പ്രധാനമന്ത്രി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ നേരില്‍കണ്ട് അറിയിച്ചു. ‘സര്‍ജിക്കല്‍ ഓപ്പറേഷന്’ കള്ളപ്പണക്കാര്യത്തിലും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി മുമ്പ് പ്രഖ്യാപിച്ചിരുന്നു.
പുതിയ ക്രമീകരണങ്ങള്‍ ഇങ്ങനെ:
ഒരു രൂപ നോട്ടു മുതല്‍ 100 രൂപ വരെ ഉപയോഗിക്കാം.
ഡിസംബര്‍ 31ന് മുമ്പായി 500, 1000 നോട്ടുകള്‍ ബാങ്കും, പോസ്റ്റ് ഓഫീസുകളും വഴി മാറ്റണം.
50 ദിവസം സാവകാശം, പിഴയീടാക്കില്ല.
പുതിയ 500, 2000 നോട്ടുകള്‍ ആര്‍ബിഐ ഇറക്കും.
ചെക്ക്, ഡിഡി, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയ്ക്ക് തടസ്സങ്ങളില്ല.
1000 രൂപ നോട്ടുകള്‍ പുതിയതിറക്കും.
100 രൂപ നോട്ടുകള്‍ കൂടുതലിറക്കും.
ഇന്നലെ രാത്രി മുതല്‍ പുതിയ നോട്ടുകള്‍ ബാങ്കുകളിലെത്തിത്തുടങ്ങി.
പുതിയ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് ബാങ്കിടപാടില്ല.
എടിഎമ്മുകളില്‍ നിയന്ത്രണം, ദിവസം 10,000 രൂപ മാത്രം, ആഴ്ചയില്‍ 20,000.
72 മണിക്കൂര്‍ നേരത്തേക്ക് സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഫാര്‍മസികള്‍ എന്നിവിടങ്ങളില്‍ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കും.
പെട്രോള്‍ പമ്പുകളിലും ശ്മശാനങ്ങളിലും ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗിനും 500, 1000 രൂപ നോട്ടുകള്‍ മൂന്നു ദിവസത്തേക്ക് ഉപയോഗിക്കാം.
500, 1000 നോട്ടുകള്‍ 2017 മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കില്‍ നേരിട്ടെത്തി മാറ്റാം.
കള്ളപ്പണം ഇല്ലാതാക്കാന്‍ രാജ്യത്തെ ജനങ്ങള്‍ കുറച്ചു ദിവസം ചെറിയ കഷ്ടതകള്‍ സഹിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിച്ചാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. സാധാരണക്കാരെ എല്ലാ വിധത്തിലും സംരക്ഷിച്ചുകൊണ്ടാകും കള്ളപ്പണത്തിനെതിരായ യുദ്ധം നടത്തുക. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇതാണ് വഴി. കള്ളപ്പണവും വ്യാജനോട്ടുകളും ഭീകരവാദികള്‍ ഉപയോഗിക്കുന്നു. അതിര്‍ത്തി കടന്നും വ്യാജ നോട്ടുകളെത്തുന്നു. ചിതലരിച്ച രാജ്യത്തെ സാമ്പത്തിക സംവിധാനത്തെ പുനസൃഷ്ടിക്കുന്നതിനായി ഇതാണ് മാര്‍ഗ്ഗം. ജനങ്ങളില്‍ നിന്നും എത്ര സഹകരണം ഉണ്ടാകുമോ കള്ളപ്പണത്തിനെതിരെ അത്രയും വിജയം നേടാന്‍ സാധിക്കും, മോദി കൂട്ടിച്ചേര്‍ത്തു.
ധീരമായ തീരുമാനം ആര്‍ബിഐ
ന്യൂദല്‍ഹി: ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കള്ളപ്പണത്തിനും ഭീകരതക്കുമെതിരായ ധീരവും ശക്തവുമായ നീക്കമെന്ന് ആര്‍ബിഐ.
കള്ളപ്പണം തടയുന്നതിന് നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഇത് ശക്തിപ്പെടുത്തുന്ന തീരുമാനമാണിത്. കള്ളപ്പണം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി നേരത്തെ വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പുതിയ 500, 1000, 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കും. പത്താം തീയതി മുതല്‍ ഇത് ലഭിക്കും. ആര്‍ബിഐ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: