കാലിഫോര്‍ണിയ: അമേരിക്കയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് നേരെ വെടിവയ്പ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കാലിഫോര്‍ണിയയിലെ അസൂസ നഗരത്തിലുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തിനു നേരെയാണ് വെടിവയ്പ്പ് ഉണ്ടായത്.വോട്ടു ചെയ്യാനെത്തിയവര്‍ക്ക് നേരെ അജ്ഞാതരായ ആയുധ ധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ബുള്ളറ്റ് പ്രൂഫ് കുപ്പായമണിഞ്ഞ ഒരാളാണ് വെടിവെച്ചതെന്നും ദൃക്സാക്ഷികളിലൊരാള്‍ വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ ഇറങ്ങി ഓടിയെന്നും വോട്ടര്‍മാരിലൊരാള്‍ പറഞ്ഞു. പോലീസ് തങ്ങളെ കെട്ടിടത്തിനുള്ളില്‍ പൂട്ടിയിടുകയാണ് ചെയ്തതെന്നും ദൃക് സാക്ഷികള്‍ വ്യക്തമാക്കി. പുറത്ത് ശക്തമായ വെടിവെപ്പ് നടന്നു കൊണ്ടിരിക്കുകയാണ്. അതിനാല്‍ തങ്ങളോട് കെട്ടിടത്തിനുള്ളില്‍ തന്നെ കഴിയാന്‍ പോലീസ് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും വോട്ടര്‍മാര്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോഴും ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തുന്ന അമേരിക്കന്‍ ജനതയെ കശാപ്പ് ചെയ്യുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വോട്ടെടുപ്പില്‍ നിന്നും ഇസ്ലാം മതവിശ്വാസികള്‍ വിട്ട് നില്‍ക്കണമെന്നും ഇസ്ലാമിക് സ്റ്റേറ്റ് ആവശ്യപ്പെട്ടതായി അമേരിക്ക ആസ്ഥാനമായുള്ള ഭീകരവാദ നിരീക്ഷണ സംഘം അറിയിച്ചു.
ഭീകരര്‍ നിങ്ങളെ കശാപ്പ് ചെയ്യുമെന്നും ബാലറ്റുകള്‍ തകര്‍ക്കുമെന്നും ഐഎസിന്റെ അല്‍ ഹായത്ത് മീഡിയ സെന്റര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതായി എസ്ഐടിഇ ഇന്റലിജന്‍സ് ഗ്രൂപ്പിന്റെ ഡയറക്ടര്‍ റിറ്റ്സ് കാത്ത്സ് ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: