പാനൂര്‍: താമരസൂപ്പിയായി മാറി പെരിങ്ങളം മണ്ഡലത്തില്‍ വികസനപാത വിരിയിച്ച മുന്‍എംഎല്‍എ കെ.എം.സൂപ്പിക്ക് നാടിന്റെ അന്ത്യാജ്ഞലി. ഇന്നലെ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായിരുന്ന കെ.എം.സൂപ്പി പാനൂരിന്റെ വികസനത്തിനു വഹിച്ച പങ്ക് ചെറുതല്ല. 1991ല്‍ പെരിങ്ങളത്തിന്റെ രാഷ്ട്രീയ അതികായന് പി.ആര്.കുറുപ്പിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തിയ കെ.എം.സൂപ്പി കേരള രാഷ്ട്രീയത്തില്‍ മറ്റൊരു തലത്തിലേക്ക് ആ വിജയത്തിന്റെ മാധുര്യത്തെ കൊണ്ടെത്തിച്ചു. കോലീബി സഖ്യമെന്ന് എതിരാളികള്‍ ആക്ഷേപിച്ചപ്പോഴും താമരസൂപ്പിയെന്ന് അഭിമാനത്തോടെ പറയാന്‍ മടികാണിക്കാതെ നിലകൊണ്ട കെഎം.സൂപ്പി എതിരാളികളെ വാക്ശരം കൊണ്ടു നേരിട്ടു. പാനൂര്‍ ബസ്റ്റാന്‍ഡ് നിര്‍മ്മാണത്തില്‍ എതിര്‍പ്പുകള്‍ പലകോണില്‍ നിന്നും ഉയര്‍ന്നപ്പോള്‍ ബിജെപി നേതാക്കളായ പന്ന്യന്നൂര്‍ ചന്ദ്രന്, പുളിഞ്ഞോളി ബാലന് തുടങ്ങിയവരുടെ സഹായത്തോടെ ബസ് സ്റ്റാന്റ് നിര്‍മ്മാണം ശ്രമകരമായി പൂര്‍ത്തിയാക്കി. വികസനത്തില്‍ രാഷ്ട്രീയം തടസ്സമാകരുതെന്ന ശാഠ്യമുണ്ടായിരുന്നു കെഎം.സൂപ്പിക്ക്. 20 വര്‍ഷം പാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചുവെന്നത് മാത്രം മതി ആ ജനകീയ അടിത്തറയുടെ ബലത്തെ അറിയാന്‍. സബ്ട്രഷറി, 110കെവി സബ്സ്റ്റേഷന്, പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് തുടങ്ങി ടൗണില്‍ ഉയര്‍ന്നു നില്ക്കുന്ന വികസന അടയാളങ്ങളില്‍ എല്ലാം ഒരു സൂപ്പി ടച്ച് ദൃശ്യമാണ്. പാര്‍ട്ടിക്കുളളില്‍ അവസാനനാളുകളില്‍ ചില കോണുകളില്‍ നിന്നും എതിര്‍പ്പു യര്ന്നപ്പോഴും കെഎം.സൂപ്പി നിശ്ചയദാര്‍ഢ്യത്തോടെ അതിനെ നേരിട്ടതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. തന്റെ ആത്മകഥയായ നേര്‍ക്കുനേര്‍ ഒരു ജീവിതം എന്ന പുസ്തകം ഏറെ വിവാദമായിരുന്നു.സാമ്പത്തിക ഉയര്‍ച്ചയ്ക്കു വേണ്ടി പാര്‍ട്ടിയെ ഉപയോഗിക്കുന്ന ധനാഢ്യരെ ക്രൂരമായി വിമര്‍ശിക്കുന്ന പുസ്തകം പല മുസ്ലീംലീഗ് നേതാക്കളുടെയും ഉറക്കം കെടുത്തുന്നതായിരുന്നു.ദീര്‍ഘകാലം പാനൂര്‍ ജുമാഅത്ത് മസ്ജിദ് പ്രസിഡണ്ടായിരുന്ന അദ്ദേഹം സാമുദായിക സൗഹാര്‍ദ്ധം ഊട്ടിയുറപ്പിക്കാനും എന്നും മുന്നിലുണ്ടായിരുന്നു.പിആര്‍.കുറുപ്പെന്ന രാഷ്ട്രീയ ഗുരുവിനെ തന്റെ തട്ടകത്തില്‍ നിന്നും തോല്‍പ്പിച്ചെങ്കിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ പിആറിന്റെ മുന്നില്‍ പരാജയപ്പെട്ടു. ആ രാഷ്ട്രീയ സൗഹൃദം എന്നും സൂക്ഷിച്ചിരുന്നു ഇരുവരും. പാരമ്പര്യ ആയുര്‍വേദ ചികിത്സകനായിരുന്ന കെഎം.സൂപ്പി ഒരു നാടിന്റെ വികസനത്തിനും പുരോഗതിക്കുമായി അവസാനകാലം വരെ പ്രവര്‍ത്തിച്ചു. ഇന്നലെ പാനൂരില്‍ നടന്ന സര്‍വ്വകക്ഷി അനുസ്മരണയോഗത്തില്‍ എല്ലാവര്ക്കും പറയാന്‍ ഏറെ നന്മ മാത്രം ബാക്കിവെച്ചു പോയ കെഎം.സൂപ്പിയെ കുറിച്ചായിരുന്നു. കെപി.മോഹനന്, പി.സത്യപ്രകാശ്, വി.കെ.അബ്ദുള്‍ഖാദര്‍ മൗലവി, വി.സുരേന്ദ്രന്, കെ.കെ.പവിത്രന്, എ.പ്രദീപന്, കെകെ.സജീവ്കുമാര്‍, പി.ടി.ജോസ്, പി.കുഞ്ഞുമുഹമ്മദ്, കെ.വി.രജീഷ്, പി.പ്രഭാകരന് തുടങ്ങിയവര്‍ അനുശോചന യോഗത്തില്‍ പ്രസംഗിച്ചു .കാട്ടൂര്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി,മ ുല്ലപ്പള്ളി രാമചന്ദ്രന് എംപി, കെ.പി.മോഹനന്, പി.സത്യപ്രകാശ്, ടി.പി.സുരേഷ്ബാബു, എന്‍.പി.ശ്രീജേഷ്, കെ.കെ.ധനഞ്ജയന്, വി.പി.സുരേന്ദ്രന്, കെ.പി.സഞ്ജീവ്കുമാര്‍, രാജേഷ്കൊച്ചിയങ്ങാടി, പൊട്ടങ്കണ്ടി അബ്ദുളള, കെ.സുരേന്ദ്രന്, പി.ജയരാജന്, കെ.വി.റംല, സൂപ്പി നരിക്കാട്ടേരി, കെപിഎ.റഹീം തുടങ്ങി രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു. പാനൂരിന്റെ വികസനത്തിനു വാതായനം തുറന്ന രാഷ്ട്രീയ നേതാവായിരുന്നു കെഎം.സൂപ്പിയെന്ന് ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: