കാഞ്ഞങ്ങാട്: രോഗാതുരമായ ജീവിതവുമായി മൂലക്കണ്ടത്തെ ദേശീയപാതയോരത്തെ കടവരാന്തയില്‍ അഭയം തേടിയ എഴുപതുകാരനായ കുട്ട്യന്‍ സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശവുമായി നീലേശ്വരം പള്ളിക്കരയിലെ സാകേതം പ്രവര്‍ത്തകരെത്തി. രണ്ടുവര്‍ഷമായി മൂലക്കണ്ടത്തെ ബസ് കാത്തിരിപ്പു കേന്ദ്രവും, കടവരാന്തയുമാണ് കുട്ട്യന്റെ ലോകം. പ്രായാധിക്യവും രോഗവും മൂലം അവശനായ കുട്ട്യന്‍ നാട്ടുകാര്‍ നല്കുന്ന ഭക്ഷണമായിരുന്നു ഏക അശ്രയം. മൂലക്കണ്ടത്തെ നാട്ടുകാരാണ് കുട്ട്യന്റെ ദുരിത കഥ നീലേശ്വരം വിവേകാനന്ദ ചാരിറ്റബില്‍ ട്രസ്റ്റിന്റെ കീഴില്‍ പള്ളിക്കരയില്‍ പ്രവര്‍ത്തിക്കുന്ന സാകേതം വൃദ്ധ സാധനാ കേന്ദ്രം പ്രവര്‍ത്തകരെ അറിയിക്കുന്നത്. മൂലക്കണ്ടത്തെ ലക്ഷ്മിയുടെ കടവരാന്തയില്‍ സ്ഥിരതാമസമാക്കിയ കുട്ട്യനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് ഇന്നലെ വൈകുന്നേരമാണ് സാകേതം പ്രവര്‍ത്തകരെത്തിയത്. നാട്ടുകാരുടെ നിര്‍ദേശം ആദ്യം കുട്ട്യന്‍ അനുസരിക്കാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് കൊച്ചുകുട്ടിയെപോലെ സാകേതം പ്രവര്‍ത്തകരുടെ വാഹനത്തില്‍ കയറിയിരുന്നു. സാകേതം പ്രസിഡന്റ് സി.ടി.ബാലകൃഷ്ണന്, സെക്രട്ടറി കെ.ബാലകൃഷ്ണന്, വിനുപ്രസാദ്, ദാമോദരന്‍ ആര്‍കിടെക്ട്, സുകുമാരന്‍ പെരിയച്ചൂര്‍, ലക്ഷ്മി മൂലക്കണ്ടം, രാജേഷ് പുതിയകണ്ടം, സാകേതം പ്രവര്‍ത്തകരായ കെ.ദേവദാസ്, പി.കൃഷ്ണന്, പി.കൃഷ്ണകുമാര്‍. ചന്ദ്രന്.എ എന്നിവര്‍ ഏറ്റെടുക്കല്‍ ചടങ്ങില്‍ സംബന്ധിച്ചു. സാകേതം പ്രവര്‍ത്തകര്‍ ചെയ്യുന്ന നാരായണ സേവയെ ചടങ്ങില്‍ അഭിനന്ദിച്ചു. നാട്ടുകാരായ നിരവധി ആള്ക്കാര് ചടങ്ങില്‍ സംബന്ധിച്ചു.
അഞ്ച് വൃദ്ധ ജനങ്ങളാണ് ഇപ്പോള്‍ പള്ളിക്കര സാകേതത്തിലുള്ളത്. എല്ലാവരും വിവിധ പ്രദേശങ്ങളിലുള്ള ഉറ്റവരും ഉടയവരുമില്ലാത്തവര്‍. ആരോരുമില്ലാത്ത വൃദ്ധരെ മാത്രമാണ് സാകേതം ഏറ്റെടുക്കുന്നത്. ഇവിടെയെത്തിയവരില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 6 പേര് മരണപ്പെട്ടിട്ടുണ്ട്. ആഗ്രഹപ്രകാരം രണ്ട് പേരുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിന് കൈമാറിയതായി ഭാരവാഹികള്‍ പറഞ്ഞു. മറ്റുള്ളരെ അന്ത്യവിധിപ്രകാരം പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. വിവിധ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നീലേശ്വരം വിവേകാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് നീലേശ്വരത്ത് തന്നെ വിവേകാനന്ദ മെഡിക്കല്‍ ഷോപ്പും നടത്തുന്നു. 10 ശതമാനം വിലക്കുറവിലാണ് ഇവിടെ മരുന്നുകള്‍ നല്‍കുന്നത്. മാസം തോറും 10 പേര്‍ക്ക് സൗജന്യ മരുന്ന് വിതരണവും നടത്തുന്നു. വിദ്യാഭ്യാസ രംഗത്തും സഹായവുമായി വിവേകാനന്ദ മുന്നിലുണ്ട്. വര്‍ഷം തോറും വിദ്യാഭ്യാസ സഹായം, അനുമോദനം എന്നിവ നടത്തിവരുന്നുണ്ട്. സേവനരംഗത്ത് ഉദാത്ത മാതൃകയായി വിവേകാനന്ദ ചാരിറ്റബിള്‍ ട്രസ്റ്റും വൃദ്ധസാധനാ കേന്ദ്രവും മാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: