സ്ഥലംമാറ്റം വാങ്ങി ജില്ല വിട്ടു പോകുമെന്ന് ഉദ്യോഗസ്ഥകള്‍
കാസര്‍കോട്: വിദ്യാനഗര്‍ ഉദയഗിരിയില്‍ സ്ഥിതി ചെയ്യുന്ന ജില്ലാ പഞ്ചായത്ത് വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലില്‍ അനധികൃതമായി മൂന്നു തവണ വാടക വര്‍ദ്ധിപ്പിച്ചതായി പരാതി. ജില്ലാ പഞ്ചായത്ത് അധികൃതര്‍ കാട്ടുന്ന അനാസ്ഥമൂലം ജില്ലയില്‍ താമസിച്ച് ജോലി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്നും അതുകൊണ്ടു തന്നെ സ്ഥലം മാറ്റം വാങ്ങി ജില്ല വിട്ടു പോകുമെന്നും ഉദ്യോഗസ്ഥകള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നു തവണ വാടക വര്‍ദ്ധിപ്പിച്ചുവെന്നാണ് താമസക്കാരുടെ പരാതി. എന്നാല്‍ സൗകര്യങ്ങള്‍ ഒന്നും തന്നെ വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും പരാതി അറിയിച്ചപ്പോള്‍ താത്പര്യമില്ലെങ്കിലും ഒഴിഞ്ഞു പോകാമെന്നുമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നതെന്നും ഇവര്‍ പരാതിപ്പെട്ടു.
500 രൂപ വാടകയുണ്ടായിരുന്നത് 700 ആയും പിന്നീട് 900 ആയും ഏറ്റവുമൊടുവില്‍ 1200 ആയും ഒരു വര്‍ഷത്തിനിടെ വര്‍ദ്ധിപ്പിച്ചു. ഇവിടെ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 500 രൂപ എന്നത് 750 ആയാണ് വര്‍ദ്ധിപ്പിച്ചത്. കൂടാതെ വൈദ്യുതി ബില്‍, വെള്ളക്കരം, മെസ് ഫീസ് എന്നിവ വേറെയും നല്‍കണം. ഇതെല്ലാം കൂടിയാകുമ്പോള്‍ പ്രതിമാസം ഒരാള്‍ക്ക് 4000-5000 രൂപ വരെ ചിലവാകുന്നതായും ഇവര്‍ പറയുന്നു.
അതേസമയം പ്രൈവറ്റ് ഹോസ്റ്റലുകളില്‍ വാടക, വൈദ്യുതി ബില്‍, വെള്ളക്കരം എന്നിവയടക്കം 1200 രൂപ മാത്രമാണ് ചെലവാകുന്നതെന്ന് അന്തേവാസിയായ കാസര്‍കോട് നഗരസഭയിലെ ഓവര്‍സിയര്‍ കോട്ടയം സ്വദേശി സി.എസ്. അനിത പറഞ്ഞു. 36 പേരാണ് ഇപ്പോള്‍ ഹോസ്റ്റലില്‍ താമസിക്കുന്നത്. ഇതില്‍ 14 പേര് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും 15 പേര് സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകളിലെ താത്കാലിക അധ്യാപകരും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഏഴുപേര്‍ വിദ്യാര്‍ത്ഥിനികളുമാണ്. ഇതില്‍ ഭൂരിഭാഗവും അന്യജില്ലക്കാരും ബാക്കിയുള്ളവര്‍ വെള്ളരിക്കുണ്ട്, രാജപുരം തുടങ്ങിയ മലയോര ഭാഗങ്ങളില്‍ നിന്നുമുള്ളവരുമാണ്.
ഒമ്പതു മുറികളും ഒരു ഡോര്‍മെട്രിയും ആണ് ഇവിടെയുള്ളത്. ഒരു മുറിയില്‍ മൂന്നുപേരെയാണ് താമസിപ്പിക്കുന്നത്. ഹോസ്റ്റലിന്റെ കാര്യം പരമദയനീയമാണെന്നും ഇവര്‍ പറഞ്ഞു. 36 പേര്‍ക്ക് നാലു ബാത്ത് റൂമുകളാണ് ആകെയുള്ളത്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഇവയില്‍ രണ്ടെണ്ണം അടിക്കടി തടസപ്പെടുന്നതുമൂലം ഉപയോഗിക്കാന്‍ പോലും കഴിയില്ല. വയറിംഗിലെ അപാകത മൂലം സ്വിച്ചിട്ടാല്‍ ഷോക്കടിക്കുന്നതായും ഇവര്‍ പരാതിപ്പെട്ടു. ജനാലകള്‍ പൊളിഞ്ഞു വീഴാറായ സ്ഥിതിയിലാണ്. വാതിലുകള്‍ ലോക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. ഗ്രില്ലുകള്‍ക്ക് യാതൊരു സുരക്ഷിതത്വവുമില്ല. അടുക്കളയും സ്റ്റെയര്‍ കെയ്സും ചോര്‍ന്നൊലിക്കുന്നു. വാട്ടര്‍ പ്യൂരിഫയര്‍ പ്രവര്‍ത്തിക്കുന്നില്ല. മാലിന്യ സംസ്കരണം ഇല്ലാത്തതിനാല്‍ മാലിന്യം കുന്നുകൂടി ഇവിടെ കൊതുക് ശല്യം രൂക്ഷമായിരിക്കുകയാണ്.
വേനല്‍ കാലം കടുക്കുന്ന സമയമായ മെയ് മുതല്‍ ജൂണ്‍ പകുതിയോളം വരെ ഹോസ്റ്റലില്‍ വെള്ളം ലഭിച്ചിരുന്നില്ല. ഈ സമയത്ത് ബക്കറ്റില്‍ വെള്ളം കൊണ്ടു വന്നാണ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. ഇക്കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്കും കലക്ടര്‍ക്കും നിരവധി തവണ പരാതി നല്കി. എന്നാല്‍ ആ മാസം 16,919 രൂപയാണ് വെള്ളക്കരമായി വന്നത്. വെള്ളം ലഭിക്കാഞ്ഞിട്ടും ഇത്രയും വലിയ തുക വെള്ളക്കരമായി വന്നതെങ്ങനെയെന്ന് ബോധ്യപ്പെടുത്താന്‍ അധികൃതര്‍ക്കായിട്ടില്ല. ഹോസ്റ്റലില്‍ മരാമത്ത് പണികള്‍ നടത്തിയതിന്റെയും തൂമ്പ, കത്തി എന്നിവ വാങ്ങിയതിന്റെയും തുകയും തങ്ങളില്‍ നിന്നും അധികൃതര്‍ വാങ്ങിയെന്നും ബൈലോ പ്രകാരം ഇതു പാടില്ലാത്തതാണെന്നും അന്തേവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
ഹോസ്റ്റലിലെ വാര്ഡന്, കുക്ക്, സ്വീപ്പര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെയും കറണ്ട് ബില്‍, വാട്ടര്‍ ബില്‍, മെസ് ഫീസ് എന്നീ ചെലവുകളും തങ്ങളില്‍ നിന്ന് ഈടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അന്തേവാസികള്‍ വ്യക്തമാക്കി. മുമ്പ് ഈ തസ്തികയിലുള്ളവര്‍ക്ക് ഹോണറേറിയമായി ചെറിയൊരു തുകയാണ് ശമ്പളമായി ലഭിച്ചിരുന്നത്. എന്നാല്‍ വേജ് ബോര്‍ഡ് ആക്ട് പ്രകാരം അടുത്തിടെ ഇവരുടെ ശമ്പളം വര്‍ധിപ്പിച്ചു. ഇപ്പോള്‍ ഇവിടുത്തെ സ്വീപ്പര്‍ക്ക് കിട്ടുന്ന വേതനം പോലും ലഭിക്കാത്ത അന്തേവാസികള്‍ ഹോസ്റ്റലില്‍ താമസിക്കുന്നുണ്ട്. അവരില്‍ നിന്നും ഇങ്ങനെ തുക ഈടാക്കുന്നത് കടുത്ത അനീതിയാണെന്ന് സി.എസ്. അനിത കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പ്രശ്നങ്ങള്‍ നിരവധി തവണ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഭാഗത്തു നിന്നും നിഷേധാത്മക സമീപനം മാത്രമാണുണ്ടായിട്ടുള്ളതെന്നും അനിതയും താമസക്കാരിയായ ലീലാമണിയും ആരോപിച്ചു. 25 പേര് ഒപ്പിട്ട നിവേദനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനും സെക്രട്ടറിയ്ക്കും നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് യോഗം വിളിച്ചെങ്കിലും പൊതു കാര്യങ്ങള്‍ പറയാന്‍ അനുവദിക്കാതെ വ്യക്തിപരമായ കാര്യങ്ങള്‍ അറിയിക്കാനാണ് പ്രസിഡണ്ട് നിര്‍ദേശിച്ചതെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: