പെരിയ: കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ നിര്‍മാണം പൂര്‍ത്തിയായ ഹോസ്റ്റലുകളുടെ ഉദ്ഘാടനം ഒക്ടോബര്‍ 8ന് രാവിലെ 10മണിക്ക് കേന്ദ്ര മാനവവിഭവ വികസന വകുപ്പ് സഹമന്ത്രി ഡോ.മഹേന്ദ്രനാഥ് പാണ്ഡെ നിര്‍വ്വഹിക്കും. സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ.ജി.ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം മന്ത്രിയുമായി സര്‍വ്വകലാശാലയിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സാങ്കേതിക വികസനത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തും.
നിര്‍മ്മാണം പൂര്‍ത്തിയായ രണ്ട് ഹോസ്റ്റലുകളിലുമായി ആകെ 420 വിദ്യാര്‍ത്ഥിനി-വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്കുവാന് സാധിക്കും. ഇതിനു പുറമെ പെരിയ ക്യാമ്പസില്‍ ഉള്ള വനിതാ ഹോസ്റ്റലില്‍ നിലവില്‍ 160 പേര് താമസിക്കുന്നുണ്ട്. ആകെ 580 കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാകും. ഇതോടെ കാസര്‍കോട് വിവിധ സ്ഥലങ്ങളിലായി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് ഹോസ്റ്റലുകള്‍ ഒഴിവാക്കി സര്‍വ്വകലാശാലയുടെ സ്ഥിരം ക്യാമ്പസില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം നല്കാന് സാധിക്കും. പെരിയ ക്യാമ്പസില്‍ തന്നെ 8 അക്കാദമിക് ബ്ലോക്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. അടുത്ത അദ്ധ്യയനവര്ഷമാകുമ്പോള് കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും ഇതോടെ വിവിധ താല്‍ക്കാലിക ക്യാമ്പസുകളിലായി പ്രവര്‍ത്തിക്കുന്ന സര്‍വ്വകലാശാലയിലെ എല്ലാ വകുപ്പുകളും സ്ഥിരം ക്യാമ്പസായ പെരിയയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. വരും വര്‍ഷങ്ങളില്‍ പെരിയ എന്ന കൊച്ചു ഗ്രാമത്തിന്റെ വികസന കുതിപ്പായി കേന്ദ്രസര്‍വകലാശാല മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: