മംഗല്പാടി: വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയതുമായി ബന്ധപ്പെട്ട് കേസില്‍ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ മംഗല്പാടി പഞ്ചായത്തിന് മുന്നിലുള്ള രണ്ട് കടകളും ബന്തിയോടുള്ള അക്ഷയകേന്ദ്രവും പോലീസ് പൂട്ടി സീല്‍ ചെയ്തു. വ്യാജ ബിരുദ ബിരുദാന്തര സര്‍ട്ടിഫിക്കറ്റുകളും എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളും മണല്‍ പാസുകളും നിര്‍മ്മിച്ചു നല്കുന്ന സംഘങ്ങള്‍ക്കു പിന്നാലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിക്കൊടുക്കുന്ന വന്‍ സംഘവും ജില്ലയില്‍ സജ്ജീവമായി. മംഗല്പാടി പഞ്ചായത്തിന്റെ പേരില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കിയ സംഭവത്തില്‍ മൂന്നു പരാതികളിലായി എട്ടു പേര്‍ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. മംഗല്പാടി പഞ്ചായത്ത് സെക്രട്ടറി ടി. പവിത്രന് നല്കിയ പരാതിയിലാണ് കേസ്. ഹിദായത്ത് നഗറിലെ നൈനാസ് ബാനു, ഇഖ്ബാല്‍, ഷിറിയയിലെ മറിയ ഷൈനി, ഫാത്തിമ സുഹറ, ഖൈറുന്നിസ, ഇബ്രാഹിം, ബീഫാത്വിമ, ഹസീന എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ബന്തിയോട്ടെ ഒരു അക്ഷയാ കേന്ദ്രം വഴിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി നല്‍കിയതെന്നാണ് വിവരം. 12,000 മുതല്‍ 20,000 രൂപ വരെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്കാന് പ്രതിഫലമായി വാങ്ങുന്നത്. തെളിവുകള്‍ നശിപ്പിക്കാതിരിക്കാനാണ് ഇതെന്ന് പോലീസ് പറഞ്ഞു. അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരനെ ചോദ്യം ചെയ്ത് വരികയാണ്. കൂടാതെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയ യുവതികളില്‍ നിന്ന് പോലീസ് മൊഴിയെടുത്ത് വരുന്നു. പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഒരു കമ്പ്യൂട്ടര്‍ സെന്ററിന്റെ ഹാര്‍ഡ് ഡിസ്ക്കുകള്‍ സൈബര്‍ സെല്ലും പൊലീസും കസ്റ്റഡിയിലെടുത്തു.
ഒരു പഞ്ചായത്ത് മെമ്പര്‍ക്കും മുന്‍ പഞ്ചായത്ത് മെമ്പര്‍ക്കും ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് പരാതി. നിരവധി പേര്‍ക്ക് ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കിയതായി അന്വേണത്തില്‍ കണ്ടെത്തി. ജനന സര്‍ട്ടിഫിക്കറ്റിലെ വണ്‍ ആന്‍ഡ് ദി സെയിം സര്‍ട്ടിഫിക്കറ്റിന്റെ പേരിലാണ് വന്‍ തട്ടിപ്പ് നടക്കുന്നത്. പലരുടെയും സര്‍ട്ടിഫിക്കറ്റിലെ പേരുകളിലെ തെറ്റു തിരുത്താന്‍ വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിന്റെ മറവിലാണ് തട്ടിപ്പ് സംഘങ്ങള്‍ അക്ഷയ കേന്ദ്രം വഴി വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത്. വണ്‍ ആന്‍ഡ് ദി സെയിം സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ ഇത്തരം തട്ടിപ്പ് നടക്കുന്നതായി നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ അധികൃതര്‍ ആദ്യം പരാതി അവഗണിക്കുകയായിരുന്നു.
പഞ്ചായത്ത് സെക്രട്ടറിയുടെ സീല്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും മോഷ്ടിച്ചാണ് വ്യാജ സര്ട്ടിഫിക്കറ്റുണ്ടാക്കിയതെന്ന് വ്യക്തമായതോടെ പഞ്ചായത്ത് മെമ്പറും കുടുങ്ങുമെന്നാണ് സൂചന. വ്യാജ സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് ജില്ലാ പോലീസ് ചീഫ് വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെ കുറിച്ച് ഉന്നതങ്ങളില്‍ റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. പഞ്ചായത്തിന്റെ പേരില്‍ ഇത്തരം തട്ടിപ്പിനെതിരെ മൂന്നു പരാതികള്‍ നല്‍കിയതായി പഞ്ചായത്ത് സെക്രട്ടറി ടി.പവിത്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: