കാസര്‍കോട്: കടലാടിപ്പാറയില്‍ ആശാപുര മൈന്‍ കം ലിമിറ്റഡിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയ ബോക്സൈറ്റ് ഖനനാനുമതിയുടെ ഭാഗമായുള്ള പരിസ്ഥിതി ആഘാത പഠനം നടത്താന്‍ സമ്മതിക്കില്ലെന്ന് പ്രസാഥവനയിറക്കിയ റവന്യൂ മന്ത്രി ചന്ദ്രശേഖരനോട് മുഖ്യ മന്ത്രി പിണറായി വിജയന് വിശദീകരണം ചോദിക്കണമെന്ന് കമ്പനി സിഇഒ സന്തോഷ് മേനോന് ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ എംഎല്‍എയായിരുന്ന സമയത്ത് ചന്ദ്രശേഖരന് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത് ചര്‍ച്ചയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ് ചെയ്തത്. 2015 ജനുവരി പതിമൂന്നിന് അന്നത്തെ കാസര്‍കോട് ജില്ലാ കളക്ടറായിരുന്ന മുഹമ്മദ് ഹനീഫ് വിളിച്ച് ചേര്‍ത്ത ചര്‍ച്ചയില്‍ നിന്ന് ചന്ദ്രശേഖരന് വിട്ട് നിന്നതിന്റെ കാരണം ദുരൂഹമാണ്. പൊതു ചര്‍ച്ചയില്‍ വന്ന അഭിപ്രായം പറഞ്ഞ് ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കേണ്ടതിന പകരം വിട്ട് നിന്ന് അഭിപ്രായം പറയുന്നത് സംശയകരമാണ്. ജില്ലയുടെ വികസനത്തെ കുറിച്ച് പ്രസംഗിക്കുന്ന മന്ത്രിയുടെ പ്രസ്ഥാവന വ്യവസായികളോടും സംരംഭകരോടുമുള്ള വെല്ലുവിളിയാണ്. ഇടത് പക്ഷ എംഎല്‍എയായിരുന്ന എം കുമാരന്റെ നേതൃത്വത്തിലുള്ള കളക്ടര്‍ നിയോഗിച്ച സംഘം കമ്പനിയുടെ ഗുജറാത്തിലുള്ള കയറ്റുമതി തുറമുഖവും ഫാക്ടറിയും സന്ദര്‍ശിച്ച് കിനാനൂരില്‍ നിര്‍ദ്ധിഷ്ട ബോക്സൈറ്റ് ഖനനത്തിന് അനുകൂല റിപ്പോര്‍ട്ടാണ് നല്‍കിയത്. അന്തരിച്ച സിപിഐ നേതാക്കളായ സി.കെ.ചന്ദ്രപ്പനെയും, വെളിയം ഭാര്‍ഗ്ഗവനെയും തിരുവനന്തപുരത്തുള്ള എംഎന്‍ സ്മാരകത്തില്‍ സന്ദര്‍ശിച്ച് കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തയിരുന്നു. പദ്ധതി എത്രയും വേഗം കൊണ്ട് വരുവാന്‍ പരിശ്രമിക്കണമെന്നും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് നേതാക്കള്‍ അന്ന് ഉറപ്പ് നല്‍കിയിരുന്നുവെന്ന് സന്തോഷ് മേനോന് വ്യക്തമാക്കി. പദ്ധതി ഉപേക്ഷിക്കണെന്ന് പറയുന്നത് ഏത് പഞനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: