കോഴഞ്ചേരി : തിരുവാറന്മുള ക്ഷേത്ര ഐതീഹ്യവുമായി ബന്ധപ്പെട്ടതും ലോകത്തിലെ പ്രശസ്തവുമായ ജലമേളയ്ക്ക് ഏഴു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ആവശ്യമായ ക്രമീകരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. ജലമേളയുടെ സുഗമമായ നടത്തിപ്പിന് മണ്‍പുറ്റുകളും പുല്ലുകളും ജെസിബി ഉപയോഗിച്ച് നീക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചു. ജലമേളയുടെ ഫിനിഷിംഗ് പോയിന്റായ ഗവണ്മെന്റ് ഗസ്റ്റ് ഹൗസിന്റെ മുന്നില്‍ വിശിഷ്ടാതിഥികള്‍ക്കുള്ള ഇരിപ്പിടങ്ങള്‍ സജ്ജീകരിക്കുന്നതിന്റെ ഭാഗമായുള്ള പന്തലിന്റെ പണികളും പുരോഗമിക്കുന്നു. കേന്ദ്ര സംസ്ഥാന മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പടെ ലക്ഷോപലക്ഷം ജനങ്ങളാണ് ആറന്മുളയിലെത്തിച്ചേരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലമേളയായ ഉതൃട്ടാതി വള്ളംകളി 17 ന് ഉച്ചയ്ക്ക് ജലഘോഷയാത്രയോടുകൂടി ആരംഭിക്കും. വിദേശികളടക്കം കേന്ദ്ര സംസ്ഥാന മന്ത്രിമാരും പങ്കെടുക്കുന്ന ജലമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പള്ളിയോട സേവസംഘം, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി മുതലായ വകുപ്പുകളും ഒരുക്കങ്ങള്‍ക്ക് മേല്‍ നോട്ടം വഹിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: