പത്തനംതിട്ട: ഓണാഘോഷത്തോടനുബന്ധിച്ച് ജില്ലയില്‍ മയക്കുമരുന്ന് ഉല്‍പ്പാദനവും വിപണനവും വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സ്ക്വാഡ് രൂപീകരിച്ചു. തഹസില്‍ദാര്‍മാര്‍ തലവനായി രൂപീകരിച്ച സ്ക്വാഡില്‍ താലൂക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍മാര്‍ എന്നിവരാണുള്ളത്. മദ്യവിപണന കേന്ദ്രത്തിലും വനപ്രദേശങ്ങളിലും പോലീസ്, വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് എക്സൈസ് പരിശോധന നടത്തും.
ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. ജില്ലയിലെ രണ്ട് ഓഫീസുകള്‍ കേന്ദ്രമാക്കി രണ്ട് ദ്രുതകര്‍മസേനയെ തയാറാക്കിയിട്ടുണ്ട്. സംശയകരമായ സാഹചര്യങ്ങളില്‍ അടിയന്തിരമായി ഇടപെടുന്നതിന് ഡെപ്യുട്ടി എക്സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജന്‍സ് ടീമുമുണ്ട്. മദ്യമയക്കുമരുന്ന് വിപണനം നിരീക്ഷിക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായി ഷാഡോ എക്സൈസ് ടീമിനെ നിയോഗിച്ചു. മദ്യമയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ എക്സൈസിന് കൈമാറണമെന്ന് ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ മനോഹരന് അറിയിച്ചു. ജില്ലാ കണ്ട്രോള് റൂം – 0468-2222873, ടോള്‍ ഫ്രീ നമ്പര്‍ – 155358.
പ്രതികരിക്കാൻ ഇവിടെ എഴുതുക: