തിരൂര്‍: തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് തിരൂര്‍ മണ്ഡലത്തില്‍ സിപിഎം നടത്തുന്ന അക്രമങ്ങള്‍ക്കുള്ള ശക്തമായ താക്കീതായിരുന്നു ബിജെപി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ. സിപിഎമ്മിന്റെ അക്രമത്തിന് ഇരകളായവര്‍ പ്രതിഷേധവുമായി തിരൂര്‍ നഗരത്തിലേക്ക് ഒഴുകിയെത്തി. പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനന്തരീക്ഷം നശിപ്പിക്കാനുള്ള ചിലരുടെ നീക്കം ചെറുത്ത് തോല്‍പ്പിക്കേണ്ടത് അനിവാര്യമാണെന്ന സന്ദേശമാണ് പ്രതിഷേധ കൂട്ടായ്മ സമ്മാനിച്ചത്.
നഗരത്തിലൂടെ പ്രകടനം നടത്തിയതിന് ശേഷമാണ് പൊതുസമ്മേളനം ആരംഭിച്ചത്. സമ്മേളനം ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സിപിഎം അക്രമങ്ങള്‍ സംബന്ധിച്ച കേസുകളുടെ അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തീവ്രവാദ സംഘടനകളെ ഉപയോഗിച്ചും സിപിഎം അക്രമങ്ങള്‍ അഴിച്ചുവിടുന്നുണ്ട്. അക്രമികള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതും സിപിഎമ്മാണ്. അക്രമ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന സിപിഎമ്മിന്റെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചും അന്വേഷിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം കെ.ജനചന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡന്റ് നിര്‍മ്മല കുട്ടികൃഷ്ണന്, മേഖല ജനറല്‍ സെക്രട്ടറി എം.പ്രേമന് മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത്, ഗീതാ മാധവന്, എം.കെ.ദേവീദാസന്, കെ.നാരായണന് മാസ്റ്റര്‍, മനോജ് പാറശ്ശേരി, സുനില്‍ പരിയാപുരം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: