കരുവാരകുണ്ട്: മലയോര മേഖല പകര്‍ച്ചവ്യാധി ഭീതിയില്‍. പാന്ത്ര, മഞ്ഞള്‍പാറ തുടങ്ങിയ ഭാഗങ്ങളിലാണ് പനി വ്യാപകമായി പടര്‍ന്ന് പിടിച്ചിട്ടുള്ളത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് നൂറോളം പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുളളത്. മാര്‍ച്ച് മാസം മുതല്‍ ആരോഗ്യവകുപ്പും ഗ്രാമ പഞ്ചായത്ത് അധികൃതരും പകര്‍ച്ച പനിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും പകര്‍ച്ച പനിവ്യാപകമാവുന്നത് നാട്ടുകാരില്‍ ആശങ്ക ഉണര്‍ത്തുന്നു. കൊതുക് സാന്ദ്രത കുടുതുലുള്ള പ്രദേശങ്ങളിലാണ് ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും സ്ഥിതീകരിച്ചിട്ടുള്ളത്. നൂറോളം പേരാണ് ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. നൂറിലധികം പേര് പകര്‍ച്ച പനിപിടിച്ച് ആശുപത്രിയിലാണ് ഇവര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചാല്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ഇനിയും കൂടും. അസുഖം പടര്‍ന്നതോടെ മഞ്ഞള്‍പ്പാറ, പാന്ത്രാ മേഖലയിലെ കുടുംബങ്ങള്‍ ഭീതിയോടെയാണ് കഴിയുന്നത്. അസുഖബാധിതരെ മഞ്ചേരി ,പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കാളികാവ് ,കരുവാരകുണ്ട് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മുന്‍കാലത്തും ഈ മേഖലയില്‍ പനി വ്യാപകമായിരുന്നു. പ്രദേശത്ത് ഇന്നലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദിന്റയും, മെഡിക്കല്‍ ഓഫീസര്‍ എം.പി സഞ്ജുവിന്റെയും നേതൃത്വത്തില്‍ എല്ലാ വീടുകളിലും കയറി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: