മങ്കട: അവധി ദിവസമായ ഞായറാഴ്ചയുടെ ആലസ്യത്തിലായിരുന്നു നാടും നാട്ടുകാരും. എന്നാല്‍ രാവിലെ 10.30 ആയതോടെ കഥ മാറി.
മങ്കട ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളിന്റെ കെട്ടിടം തകര്‍ന്നു വീണ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ നവ മാധ്യമങ്ങള്‍ ദുരന്തം ഏറ്റുപിടിച്ചു. അവസാനം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി.
വിവരം അറിഞ്ഞ നാട്ടുകാര്‍ സംഭവ സ്ഥലത്തേക്ക് പാഞ്ഞെത്തി. പിന്നെ അദ്ധ്യാപകര്‍, രക്ഷാകര്ത്താക്കള്. വിദ്യാര്‍ത്ഥികള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങി ചുരുങ്ങിയ സമയം കൊണ്ട് അപകട സ്ഥലം ആളുകളെ കൊണ്ട് നിറഞ്ഞു.
ദുരന്ത ഭൂമിയില്‍ എത്തിയവരെല്ലാം ആദ്യം പങ്കു വെച്ചത് ‘ഇന്ന് ഞായറാഴ്ച’ ആണല്ലേയെന്ന ആശ്വാസം. കാരണം, തകര്‍ന്നു വീണ കെട്ടിടത്തില്‍ നാല് ക്ലാസ് മുറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവയിലാകട്ടെ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും. ഒരുപക്ഷേ, പ്രവര്‍ത്തി ദിനത്തിലായിരുന്നു ഇത്തരത്തിലൊരു അപകടം നടന്നിരുന്നതെങ്കില്‍ അതിന്റെ വ്യാപ്തി ഊഹിക്കാന്‍ പോലും കഴിയുന്നില്ല. അശാസ്ത്രീയമായ പുതിയ കെട്ടിട നിര്‍മ്മാണമാണ് പഴയ കെട്ടിടം നിലംപൊത്താന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പഴയ കെട്ടിടത്തിനോട് ചേര്‍ന്ന് ആഴത്തില്‍ മണ്ണെടുത്തത് കെട്ടിടത്തിന് ബലക്ഷയം ഉണ്ടാക്കിയതായി നാട്ടുകാര്‍ പറയുന്നു.
നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും നാട്ടുകാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: