മലപ്പുറം: പെരുമ്പാവൂരില്‍ അതിക്രൂരമായി കൊലപ്പെട്ട ദളിത് പെണ്‍കുട്ടി ജിഷയുടെ ഘാതകരെ കണ്ടെത്താന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സായഹ്ന സദസ്സ് സംഘടിപ്പിച്ചു. മലപ്പുറം കെഎസ്ആര്‍ടിസി പരിസരത്ത് നടന്ന യോഗം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ് ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പിന് മുമ്പ് ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്ന സിപിഎം ഇപ്പോള്‍ ഉള്വലിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ആളുകളുടെ കണ്ണില്‍പൊടിയിടുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. സ്ത്രീ സംരക്ഷണം, സുരക്ഷ എന്നിങ്ങനെ അലമുറയിട്ടിരുന്ന സാംസ്കാരിക-സാമൂഹിക-കലാ പ്രവര്‍ത്തകരും ജിഷാ കേസില്‍ മൗനം പാലിക്കുകയാണ്. കേരളത്തിലായതുകൊണ്ടാണ് ഇവരാരും ഈ കൊലപാതകത്തെ കുറിച്ച് പ്രതിഷേധിക്കാത്തത്. അവാര്‍ഡുകള്‍ തിരികെ നല്കിയ എഴുത്തുകാര്‍ക്ക് ഇപ്പോള്‍ എന്തുപറ്റിയെന്നും രശ്മില്‍നാഥ് ചോദിച്ചു. ബിജെപിയും യുവമോര്‍ച്ചയും ജിഷയുടെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ശിതു കൃഷ്ണന്, ജില്ലാ ട്രഷറര്‍ ഷിനോജ് പണിക്കര്‍, നമിദാസ്, സജീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: