ഗുണാനാം ലക്ഷണം താത ഭവതാ കഥിതം കില
ന തൃപ്തോസി പിബന് മിഷ്ടം തന്മുഖാത് പ്രച്യുതം രസം
ഗുണാനാം തു പരിജ്ഞാനം യഥാവദനുവര്‍ണ്ണയ
യേനാഹം പരമാം ശാന്തിമധിഗച്ഛാമി ചേതസി
നാരദന് പറഞ്ഞു: ‘അച്ഛാ അങ്ങ് ഗുണങ്ങളുടെ ലക്ഷണങ്ങള്‍ വിശദമായിത്തന്നെ പറഞ്ഞു. എങ്കിലും ആ വചനാമൃതപാനം എനിക്ക് മതിയായിട്ടില്ല. ഗുണങ്ങളെപ്പറ്റി കൂടുതല്‍ അറിയാനായി ഞാന്‍ ആഗ്രഹിക്കുന്നു.’ ബ്രഹ്മാവ് പറഞ്ഞു: ‘ഗുണസ്വഭാവങ്ങളെപ്പറ്റി എനിക്കും മുഴുവനായി അറിയാന്‍ വയ്യ. എന്നാലും ഞാന്‍ ആവും വിധം നിനക്കായി വിവരിക്കാം.
കേവലമായ സത്വം ഒരിക്കലും ഒരിടത്തും സ്വതന്ത്രമായി കാണപ്പെടുന്നില്ല. ഗുണങ്ങള്‍ മിശ്രമായി കാണപ്പെടുന്നു. സുന്ദരിയായ ഒരു തരുണി തന്റെ ഭാവഹാവാദികള്‍ കൊണ്ട് തന്റെ ഭര്‍ത്താവിനു സന്തുഷ്ടിയേകുന്നു. അവള് തന്നെ മാതാപിതാക്കള്‍ക്ക് പ്രീതിയും നല്കുന്നു. എന്നാലവള് സപത്നിമാര്‍ക്ക് ദുഖം നല്കാന് കഴിയുന്നവളാണ്. ഈ സ്ത്രീയുടെ കര്‍മ്മമാണ് സത്വഗുണം ചെയ്യുന്നത്.
രജസ്സുമായി ചേര്‍ന്നും തമസ്സുമായി ചേര്‍ന്നും വിവിധങ്ങളായ മിശ്രഗുണങ്ങളെയുണ്ടാക്കാന്‍ സത്വത്തിന് കഴിയുന്നു. അതുപോലെ രജസ്സെന്ന സ്ത്രീയും തമസ്സെന്ന സ്ത്രീയും പരസ്പരം കൂടിച്ചേര്‍ന്നു വ്യത്യസ്തഭാവങ്ങളെ ഉണ്ടാക്കുന്നു. ഒറ്റയ്ക്കെടുത്താല്‍ ഈ ഗുണങ്ങള്‍ക്ക് വ്യതിരിക്തതയൊന്നുമില്ല.
എന്നാല്‍ സമ്മിശ്രഭാവത്തില്‍ ഗുണങ്ങള്‍ വിപരീതഗുണങ്ങളെപ്പോലും കാണിക്കുന്നു. രൂപഗുണംകൊണ്ടും സൗശീല്യംകൊണ്ടും ഉത്തമയും, ലാവണ്യവതിയുമായ യുവതി തന്റെ ഭര്‍ത്താവിനെ കാമശാസ്ത്രവിധിപ്രകാരം സംപ്രീതനാക്കുന്നവളായിരിക്കാം. എന്നാലവള് കൂടെയുള്ള സപത്നിമാര്‍ക്ക് ദുഖവും, മോഹഭംഗവും ഉണ്ടാക്കുന്നു. സത്വഭാവത്തിലെ വൈകൃതം ജനത്തിനു തോന്നുന്നത് ഇതുപോലുള്ളവരിലൂടെയാണ്.
ആ യുവതി സത്വഗുണസമ്പന്നയാണെന്ന് ജനം പറയുമ്പോഴും അനുഭവത്തില്‍ അവളുടെ സ്വഭാവം ചിലര്‍ക്കെങ്കിലും താമസഭാവം കൈക്കൊള്ളുന്നതായാണ് അനുഭവം. അതുപോലെ രാജകിങ്കരന്മാര് കുറ്റവാളികളെ ശിക്ഷിക്കുന്നുമ്പോള്‍ത്തന്നെ സദ്ജനങ്ങള്‍ക്ക് രക്ഷയേകുന്നു. ചിലപ്പോള്‍ കാര്‍മേഘമിരുണ്ട് കൂടി ഇടിയും മിന്നലും ചേര്‍ന്ന് പെരുംമഴ പെയ്യുന്നു. മണ്ണിനെ കുളുര്‍പ്പിക്കുന്ന ആ മഴ ചിലര്‍ക്ക് ദുരിതമായി തോന്നാം.
എന്നാല്‍ പാടത്ത് വിത്തിറക്കുന്ന കര്‍ഷകന്റെ ഉള്ളു നിറയ്ക്കാന്‍ ആ ജലവര്‍ഷത്തിനാകും. കെട്ടിമേഞ്ഞുറപ്പ് വരുത്താത്ത കൂരയില്‍ കഴിയുന്നവനും, വിറകു പെറുക്കുന്നവനും ഈ പെരുമഴ എത്ര ശല്യമാണ്! ഭര്‍ത്തൃവിരഹം അനുഭവിക്കുന്നവള്‍ക്ക് പേമാരിനിറഞ്ഞ ദുര്‍ദ്ദിനങ്ങള്‍ കൂടുതല്‍ ദു:ഖമയമാണ്. അങ്ങനെ ഗുണങ്ങള്‍ ചിലപ്പോള്‍ വിപരീതഭാവങ്ങളെ കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: