ആലുവ: അന്യസംസ്ഥാനക്കാരനായ രാജു മണ്ഡലിന്റെ സാഹസികതയും ആത്മഹത്യക്കെത്തിയ അഖിലയുടെ ജീവന് രക്ഷിക്കാനായില്ല. സിനിമാതാരം ദിലീപിന്റെ പെരിയാര്‍ തീരത്തെ വീടു നിര്‍മ്മാണത്തിലായിരുന്ന രാജു മണ്ഡലും സുഹൃത്തുക്കളും ഉച്ചഭക്ഷണത്തിന് ശേഷം പെരിയാര്‍ തീരത്തിരുന്ന വിശ്രമിക്കുമ്പോഴാണ് പാലത്തില്‍ നിന്നും ഒരു പെണ്‍കുട്ടി പുഴയിലേക്ക് ചാടുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
പാലത്തിന്റെ മധ്യഭാഗത്ത് നിന്നാണ് പെണ്‍കുട്ടി പുഴയിലേക്ക് ചാടിയതെങ്കിലും കൊട്ടാരക്കടവില്‍ വിശ്രമത്തിലായിരുന്ന തൊഴിലാളികള്‍ പാലത്തിലൂടെ മറുകരയിലേക്ക് ഓടി മണപ്പുറത്തെത്തിയെങ്കിലും ആരും പുഴയിലേക്കിറങ്ങിയില്ല. ഈ ഘട്ടത്തിലാണ് രാജു മണ്ഡല് രണ്ടുംകല്‍പ്പിച്ച് പുഴയിലേക്ക് ചാടിയത്. മലയാളികളായ നിരവധി പേര് കാഴ്ച്ചക്കാരായി നോക്കി നില്‍ക്കെ രാജു അതിവേഗം നീന്തി പുഴയുടെ മദ്ധ്യഭാഗത്തെത്തിയപ്പോള്‍ പത്ത് അടിയോളം ആഴത്തില്‍ പാലത്തിന്റെ തൂണില്‍ തങ്ങികിടക്കുകയായിരുന്നു അഖില. വലിച്ച് വെള്ളത്തിന് മുകളിലെത്തിച്ച ശേഷം പാലത്തിന്റെ തൂണിലെ ഇരുമ്പ്പട്ടയില്‍ പിടിച്ച് രാജു പെണ്‍കുട്ടിക്ക് വായു ലഭിക്കാവുന്ന വിധം നിന്നു. ഇതിനിടെ രാജുവിന്റെ സഹപ്രവര്‍ത്തകര്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും വലിയ വടം കൊണ്ടുവന്ന് രാജുവിന് ഇട്ടുനല്‍കി.
തോളുകള്ക്കിടയിലൂടെ വടം കെട്ടിയാണ് പെണ്‍കുട്ടിയെ പാലത്തിലേക്ക് കയറ്റിയത്. അതിന് ശേഷമാണ് പൊലീസും ഫയര്‍ഫോഴ്സുമെല്ലാം എത്തിയത്. പെണ്‍കുട്ടിയുമായി പൊലീസ് ആശുപത്രിയിലേക്ക് പാഞ്ഞശേഷമാണ് രാജു മണ്ഡല് അവശനായി കരയിലെത്തിയത്. പാലം നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ബാര്‍ജറില്‍ കയറിയിരുന്ന രാജു മണ്ഡലിനെ തടിച്ചുകൂടിയ നാട്ടുകാര്‍ അഭിനന്ദിക്കുമ്പോഴും പെണ്‍കുട്ടിയുടെ ജീവന് നഷ്ടമാവല്ലേയെന്ന പ്രാര്‍ത്ഥനയായിരുന്നു. അവശനായ രാജുവിനെ പിന്നീട് ഫയര്‍ഫോഴ്സ് അധികൃതര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ലെന്നറിഞ്ഞപ്പോള് ആശുപത്രിയിലായിരുന്ന രാജുവിനും സങ്കടം സഹിക്കാനായില്ല. മഹാരാഷ്ട്ര സ്വദേശിയായ രാജു മണ്ഡലല്‍ മൂന്ന് വര്‍ഷമായി ഷിബു എന്ന നിര്‍മ്മാണ കരാറുകാരന്റെ കീഴില്‍ ജോലി ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: