ന്യൂദല്‍ഹി: വരള്‍ച്ച ശക്തിപ്പെട്ട മഹാരാഷ്ട്രയില്‍ 30നു ശേഷം നടക്കേണ്ട ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി അവസാനിപ്പിച്ചുകൊണ്ടാണ് മത്സരങ്ങള്‍ സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണമെന്നു സുപ്രീം കോടതിയും നിലപാടെടുത്തത്.
വരള്‍ച്ചബാധിത പ്രദേശങ്ങളിലെ വെള്ളം മത്സരങ്ങള്‍ക്കായി ധൂര്‍ത്തടിച്ചിട്ടില്ലെന്നും, അഴുക്ക് വെള്ളമാണ് ഗ്രൗണ്ട് നനയ്ക്കാനും മറ്റും ഉപയോഗിക്കുന്നതെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ശുദ്ധീകരിക്കുന്ന 60 ലക്ഷം ലിറ്റര്‍ വെള്ളം വരള്‍ച്ചാ ബാധിത പ്രദേശങ്ങളിലേക്കു നല്‍കാമെന്നും അസോസിയേഷന് അറിയിച്ചു. ഇതും കോടതി കണക്കിലെടുത്തില്ല. ജലം ശുദ്ധീകരിക്കുന്ന പ്രക്രിയയും കളി കാണാനെത്തുന്നവര്‍ക്കും മറ്റും വെള്ളം നല്‍കുന്നതെങ്ങനെയെന്നും കോടതി ആരാഞ്ഞു.
മുപ്പതിനു ശേഷം മഹാരാഷ്ട്രയില്‍ നടക്കേണ്ട ഐപിഎല്‍ മത്സരങ്ങള്‍ പുറത്തേക്കു മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടത് ഈ മാസം 13ന്. ഈ വിധിയാണ് സുപ്രീം കോടതി ശരിവച്ചത്. ഇതോടെ ഫൈനല്‍ അടക്കം മഹാരാഷ്ട്രയില്‍ നടക്കേണ്ട മത്സരങ്ങള്‍ക്ക് മറ്റു വേദികള്‍ കണ്ടെത്തണം. മഹാരാഷ്ട്രയിലെ ടിക്കറ്റ് വില്‍പ്പനയടക്കം പൂര്‍ത്തിയായതും സ്ഥിതി സങ്കീര്‍ണമാക്കും. മഹാരാഷ്ട്രയ്ക്കു പകരം രാജസ്ഥാനാണ് പരിഗണിച്ചതെങ്കിലും, ഇതേചൊല്ലി രാജസ്ഥാന് ഹൈക്കോടതിയില്‍ കേസുണ്ട്. അടുത്ത മാസം മൂന്നിനാണ് കേസ് കോടതി പരിഗണിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: