അമ്പലപ്പുഴ: മരണത്തെ തോല്പിച്ച ജാന്‍സിക്ക് ജീവിതത്തില്‍ തുണയായത് കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാബാങ്ക് പദ്ധതി. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചു പറയാന്‍ ജാന്‍സിക്ക് നൂറുനാവ്. പുന്നപ്ര വടക്കു പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കുട്ടപ്പശേരി വീട്ടില്‍ ജാന്‍സി (49)യാണ് മുദ്രാബാങ്ക് പദ്ധതിയിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ജാന്‍സി മരണത്തെ മുഖാമുഖം കണ്ടത്.
തലച്ചോറില്‍ രക്തം കട്ടയാകുന്നതായിരുന്നു രോഗം. മത്സ്യത്തൊഴിലാളി കൂടിയായ ഭര്‍ത്താവ് പീറ്ററിനോടും ബന്ധുക്കളോടും ഡോക്ടര്‍മാര്‍ രോഗത്തിന്റെ ഗൗരവം പറഞ്ഞുമനസിലാക്കി. അടിയന്തര ശസ്ത്രക്രിയ വേണമെന്നും രക്ഷപ്പെടുമെന്ന വിശ്വാസമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ അഞ്ചിന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ജാന്‍സിയുടെ ശസ്ത്രക്രിയ നടന്നു.
ഡോക്ടര്‍മാരെപ്പോലും അതിശയിപ്പിച്ച് ജാന്‍സി ദിവസങ്ങള്‍ക്കുള്ളില്‍ ജിവിതത്തിലേക്ക് തിരിച്ചുവന്നു. ജാന്‍സിയുടെ ചികിത്സയ്ക്ക് ഇതിനകം ലക്ഷങ്ങള്‍ ചെലവായിരുന്നു. ജീവിതത്തിലേക്ക് മടങ്ങിവന്ന ജാന്‍സി കടുത്ത ദാരിദ്ര്യത്തിലകപ്പെട്ടു. ഇതിനിടെയാണ് മുദ്രാബാങ്കിനെക്കുറിച്ച് അറിയുന്നത്. ജാന്‍സി ആലപ്പുഴയിലെ സെന്‍ട്രല്‍ ബാങ്കുമായി ബന്ധപ്പെട്ടു. ജാന്‍സിയുടെ ആവശ്യം മനസിലാക്കിയ ബാങ്ക് മാനേജര്‍ ഇവരുടെ പ്രോജക്ടിന് മൂന്നുലക്ഷം രൂപ അനുവദിച്ചു.
ഈ പണമുപയോഗിച്ച് വീടിനു സമീപം ഒരു കടമുറി എടുക്കുകയും കച്ചവടം ആരംഭിക്കുകയുമായിരുന്നു. പ്രണയ ക്രോക്കറി സ്റ്റോഴ്സ് എന്ന പേരിലാണ് സ്ഥാപനം ആരംഭിച്ചത്. ഉദ്ഘാടനം പുന്നപ്ര സെന്റ് ജോസഫ്സ് ഫെറോന പളളി വികാരി പോള്‍ ജെ. അറയ്ക്കല്‍ നിര്‍വ്വഹിച്ചു.
താന്‍ കണ്ട ശക്തനായ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും ഈ ചെറിയ ഗ്രാമത്തില്പോലും പ്രധാനമന്ത്രിയുടെ സഹായമെത്തിയെങ്കില്‍ നാം അഭിമാനിക്കണമെന്നും ഉദ്ഘാടന പരിപാടിയില്‍ പോള്‍ ജെ. അറയ്ക്കല്‍ പറഞ്ഞു. ജാന്‍സിക്ക് മോദിയെക്കുറിച്ച് ഏറെ പറയാനുണ്ട്. മരണത്തെ തോല്പിച്ച താന്‍ ഇനി എങ്ങനെ ജീവിക്കുമെന്ന് പകച്ചുനിന്നപ്പോഴാണ് പ്രധാനമന്ത്രിയുടെ സഹായം ലഭിച്ചതെന്നും കേന്ദ്രഭരണത്തെ പുച്ഛിക്കുന്നവര്‍ കാര്യമറിയാതെയാണെന്നും ജാന്‍സി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: