ന്യൂദല്‍ഹി: നാഷണല്‍ മ്യൂസിയം ഓഫ് നാച്യുറല്‍ ഹിസ്റ്ററിയില്‍ തീപ്പിടിത്തം. തീയണയ്ക്കാനെത്തിയ ആറ് ഫയര്‍ഫോഴ്സുകാര്‍ക്ക് പൊള്ളലേറ്റു. ഇവരെ രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നലെ പുലര്‍ച്ചെ 1.30നും രണ്ടിനുമിടയിലുണ്ടായ തീപിടുത്തത്തില്‍ മ്യൂസിയം പൂര്‍ണമായും കത്തി നശിച്ചു. ഈ കെട്ടിടത്തില്‍ തന്നെ സ്ഥിതിചെയ്യുന്ന ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രിയുടെ (ഫിക്കി) ഓഡിറ്റോറിയത്തിനും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഫിക്കി ഓഡിറ്റോറിയത്തിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീടത് മറ്റു നിലകളിലേക്കും വ്യാപിക്കുകയായിരുന്നു. 40ഓളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. സംഭവസമയത്ത് കെട്ടിടത്തിനുള്ളില്‍ അധികം ആളുകള്‍ ഇല്ലായിരുന്നില്ല. തീപിടുത്തം ഉണ്ടായ ഉടന്‍ തന്നെ ഇവരെ ഒഴിപ്പിക്കാനായതു മൂലം ആളപായമുണ്ടായില്ല.
തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
അതേസമയം തീപിടുത്തത്തില്‍ മ്യൂസിയത്തിലുണ്ടായ ശേഖരങ്ങളെല്ലാം കത്തിനശിച്ചു. 160 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ ഫോസില്‍ ഉള്‍പ്പടെയുള്ള വിലമതിക്കാനാവാത്ത ശേഖരങ്ങളാണ് കത്തിനശിച്ചത്. 1978 ജൂണ്‍ അഞ്ചുമുതല്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ മ്യൂസിയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: