ആലപ്പുഴ: സിപിഎം മുതിര്‍ന്ന നേതാവ് ജി. സുധാകരന് പൊതുവേദിയില്‍ ആക്ഷേപിച്ചിറക്കി വിടുകയും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്ത വനിതാ നേതാവ് ഉഷാസാലിയുടെ ഭര്‍ത്താവ് എ. എം. സാലി പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഇന്നു മുതല്‍ മരണം വരെ നിരാഹാര സമരം നടത്തും. ഇതു സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് കത്തു നല്കി.
തോട്ടപ്പളളി മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കൂടിയായ എ. എം. സാലി ഭാര്യയ്ക്ക് പിന്നാലെ തന്നെ പാര്‍ട്ടി പുറത്താക്കിയതിന്റെ വിശദീകരണം നല്‍കണമെന്നും സെക്രട്ടറിയായിരുന്ന കാലയളവില്‍ ചെലവഴിച്ച 50,000 രൂപ മടക്കിത്തരണമെന്നും ആവശ്യപ്പെട്ടാണ് ഇന്നു മുതല്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്കല്‍ കമ്മറ്റിയംഗമായിരുന്ന തന്നെ പുറത്താക്കിയതിന്റെ വിശദീകരണം നല്‍കിയിട്ടില്ല. പത്രമാധ്യമങ്ങളില്‍ നിന്നും ചുവരുകളില്‍ പതിച്ച പോസ്റ്ററുകളില്‍ നിന്നുമാണ് തന്നെ പുറത്താക്കിയതായി അറിഞ്ഞത്.
രേഖാമൂലം കത്ത് നല്കാത്തതിനാല് അപ്പീല്‍ പോകാനുളള അവസരവും പാര്‍ട്ടി ഇല്ലാതാക്കിയെന്ന് സാലി പറയുന്നു. തന്നെ ലോക്കല്‍ കമ്മറ്റി അംഗത്വത്തില്‍ നിന്നും ഒഴിവാക്കുകയും പെട്ടെന്ന് തന്നെ മറ്റൊരാളെ എടുക്കുകയും ചെയ്തു. പാര്‍ട്ടി ഭരണഘടന പ്രകാരം ഒരാള്‍ക്കെതിരെ എന്തിന് അച്ചടക്ക നടപടിയെടുത്തുവെന്ന് വ്യക്തമാക്കണം. ഇതുണ്ടായില്ല. ഏകപക്ഷീയമായ നടപടിയാണ് എടുത്തിരിക്കുന്നത്. എല്‍സി സെക്രട്ടറിയായി താന്‍ പ്രവര്‍ത്തിച്ച സമയത്ത് കടം വാങ്ങിയും വീട്ടില്‍ നിന്നെടുത്തും ചെലവഴിച്ച 50,000 രൂപയുടെ കണക്ക് മിനിട്സിലുണ്ട്. ആ പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെടുന്നു.
പതിറ്റാണ്ടുകളായി പാര്‍ട്ടിയെ സേവിച്ച തനിക്കും ഭാര്യയ്ക്കും ഇപ്പോള്‍ ഊരുവിലക്ക് ഏര്പ്പെടുത്തിയിരിക്കുകയണെന്നും സാലി പറയുന്നു. ജി സുധാകരന് മന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉഷാ സാലിയെ കഴിഞ്ഞ ഫെബ്രുവരി 28നാണ് പൊതുവേദിയില്‍ ആക്ഷേപിച്ച് ഇറക്കിവിട്ടത്. ജി. സുധാകരനെതിരെ ഉഷ പുന്നപ്ര പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം ഇഴയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: