കോഴിക്കോട്: ”ഏട്യാണ്, ഏട്യാണ് പൊന്മുടി ചാരേണ്ടത്? വെളളിയാങ്കല്ലുമ്മേലോ പൊന്മുടി ചാരേണ്ടത്” ഉടുക്കിന്റെ ദ്രുത താളത്തില്‍ മുത്തപ്പന് വെള്ളാട്ട് ദൈവം അലറി വിളിച്ചു ചോദിച്ചു. വെളളിമുടി കെട്ടി, കണ്ണില്‍ കത്തുന്ന തീയുമായി വെള്ളാട്ട്. ഉടുക്കിന്റെ താളത്തില്‍ മുത്തപ്പന്റെ തോറ്റമുയരുന്ന കളക്ടറേറ്റിന്റെ പ്രധാന കവാടത്തിലൂടെ കുതിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ കളക്ടറേറ്റ് പടിക്കലില്‍ ധര്‍ണ്ണയിരിക്കുന്ന ജനക്കൂട്ടത്തെയോ അവരുടെ നടുവില്‍ തോറ്റം പാട്ടിനും താളവാദ്യങ്ങള്ക്കുമനുസരിച്ച് നൃത്തം ചവിട്ടുന്ന തെയ്യക്കോലങ്ങളെയോ കണ്ട ഭാവം നടിച്ചില്ല.
കോഴിക്കോട് ജില്ലയിലെ മുത്തശ്ശിക്കാവ് ക്ഷേത്രം, ആവള കുട്ടോത്ത് കുറ്റിയോട്ടു ഭഗവതി മുത്തപ്പന് ക്ഷേത്രം എന്നിവിടങ്ങളില്‍ നടന്ന കയ്യേറ്റത്തില്‍ ക്ഷേത്രോത്സവം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കേരള പുലയര്‍ മഹാസഭയുടെ നേതൃത്വത്തിലാണ് കളക്ടറേറ്റ് പടിക്കല്‍ ശ്രദ്ധേയമായ പ്രതിഷേധം നടന്നത്.
നൂറ്റാണ്ടുകളായി മുടങ്ങാതെ നടന്നുവന്ന കുറ്റിയോട്ടു ഭഗവതി ക്ഷേത്ര ഉത്സവം ഇത്തവണ നടത്താന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് ഉത്സവച്ചടങ്ങുകള്‍ പ്രതീകാത്മകമായി കളക്ടറേറ്റ് പടിക്കല്‍ അവതരിപ്പിച്ചത്. കാവും പരിസരവും കയ്യേറി സ്വകാര്യവ്യക്തി മതിലുകെട്ടിയതിനാലാണ് ഉത്സവം മുടങ്ങിയത്.
ഭരണാധികാരികളും രാഷ്ട്രീയക്കാരും കയ്യേറ്റക്കാരുടെ ഭാഗത്തായിരുന്നു. മാവൂര്‍ തെങ്ങിലക്കടവ് മുത്തശ്ശിക്കാവ് ക്ഷേത്രത്തില്‍ നടന്നുവന്ന പ്രസിദ്ധമായ നാല്‍പ്പത്തൊന്നര വെള്ളാട്ട് നടക്കുമ്പോള്‍ ഉണ്ടായ കല്ലേറു കാരണം ഉത്സവം മുടങ്ങിയിരുന്നു. ഈ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്നലെ സമരം നടന്നത്.
പത്രികാ സമര്‍പ്പണത്തിനായി എത്തിയ സ്ഥലം എംപി യോ എംഎല്‍എ മാരോ രാഷ്ടീയ നേതാക്കളോ സമരക്കാരെ കണ്ടില്ലെന്ന് നടിച്ചു. പേരാമ്പ്ര എംഎല്‍എയുടെ ഭാര്യാ സഹോദരനാണ് ആവള കുട്ടോത്ത് കുറ്റിയോട്ടു ഭഗവതി ക്ഷേത്ര സ്ഥലം കയ്യേറിയതെന്നും 60 സെന്റ് ഭൂമി മതില് കെട്ടി വേര്‍തിരിച്ചതു കാരണം ഉത്സവം നടത്താനായില്ലെന്നും സമരക്കാര്‍ ആരോപിച്ചു. കൊടുവള്ളി വാവാട് ശ്മശാന ഭൂമി കയ്യേറിയവര്ക്കൊപ്പമാണ് സ്ഥലം എംഎല്‍എ നിലകൊണ്ടതെന്നും അവര്‍ പറഞ്ഞു.
എസ് സി, എസ് ടി വിഭാഗത്തിന്റെ ഭൂമി കയ്യേറിയവര്‍ക്കെതിരെ പട്ടികജാതി-വിഭാഗ ആക്ട് പ്രകാരം കേസെടുക്കണമെന്ന് കെപിഎംഎസ് ജില്ലാ സെക്രട്ടറി മനോജ് കുന്നത്തുകര ആവശ്യപ്പെട്ടു.
എഡിഎമ്മും ജില്ലാ ഭരണാധികാരികളും രാഷ്ട്രീയനേതാക്കളും പിന്നാക്ക ജനങ്ങള്‍ക്കെതിരെ നിലപാടെടുത്തിരിക്കുകയാണ്. പട്ടികജാതി വിഭാഗക്കാരെ അടിമകളായാണ് കാണുന്നത്.
മാറിമാറി വന്ന മുന്നണികള്‍ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു. ഞങ്ങളെ സഹായിക്കുന്നവരെ മാത്രമേ ഞങ്ങള്‍ സഹായിക്കുകയുള്ളു. ഞങ്ങളെ വോട്ടുകുത്തി യന്ത്രങ്ങളായി കാണുന്ന പതിവ് അവസാനിപ്പിക്കണം.
ക്ഷേത്ര ഊരാളന്മാരും പ്രവര്‍ത്തകരും വേണ്ടിവന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും മനോജ് കുന്നത്തുകര പറഞ്ഞു. കൂത്താളി മൂപ്പന് ചാര്‍ത്തിത്തന്ന അഞ്ച് കാവുകളിലൊന്നാണിത്. ഇതെങ്ങനെയാണ് സ്വകാര്യ വ്യക്തികളുടെതാവുന്നത്. വ്യക്തമാക്കണം. സമരത്തില്‍ പങ്കെടുത്ത പിന്നോയോടത്ത് കുഞ്ഞിരാമന് പറഞ്ഞു. പത്രിക സമര്‍പ്പിക്കാനെത്തിയ ബിജെപി മേഖലാ പ്രസിഡന്റ് വി.വി. രാജന് സമരക്കാരെ അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: