ആലപ്പുഴ: സിപിഎമ്മില്‍ വിഭാഗീയത ആളിക്കത്തുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പിണറായി വിജയന് മാദ്ധ്യമങ്ങളെ കാണാതെ ഒളിച്ചോടുന്നു. ഫേസ്ബുക്ക് പോസ്റ്റുകള്‍ അന്തസ്സുള്ളതാകണമെന്ന് വി. എസ്. അച്യുതാനന്ദന് പരോക്ഷ താക്കീതുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തര്‍ക്കത്തില്‍ പങ്കു ചേര്‍ന്ന് സിപിഐയും.
തെരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയില്‍ ആയതോടെ കടുത്ത പ്രതിസന്ധി നേരിടുന്ന സിപിഎം വര്‍ഗീയത ആളിക്കത്തിച്ചും വിദ്വേഷപ്രചാരണം നടത്തിയും ജനശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്. ഇന്നലെ ആലപ്പുഴയില്‍ മാദ്ധ്യമപ്രവര്‍ത്തകരെ കാണാതെ പിണറായി വിജയന് ഒളിച്ചോടുകയായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകരുമായി മുഖാമുഖം പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കി. പ്രചാരണ തിരക്കാണ് കാരണമായി പാര്‍ട്ടി നേതൃത്വം പറയുന്നത്. ശനിയാഴ്ച പത്തനംതിട്ടയിലും പിണറായി മാദ്ധ്യമ പ്രവര്‍ത്തകരെ കാണാന്‍ തയ്യാറായില്ല.
മുഖ്യമന്ത്രിയാകാന്‍ തനിക്ക് തല്പ്പര്യമുണ്ടെന്ന് അച്യുതാനന്ദന് വ്യക്തമാക്കിയതോടെ വെട്ടിലായ പിണറായി വിജയന് മാദ്ധ്യമങ്ങളെ കാണുന്നതില്‍ നിന്ന് ബോധപൂര്‍വം ഒഴിഞ്ഞു നില്‍ക്കുകയാണെന്ന് പാര്‍ട്ടിയിലെ വിഎസ് അനുകൂലികള്‍ പറയുന്നു.
ടിപി വധക്കേസില്‍ തന്റെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് അച്യുതാനന്ദന് വ്യക്തമാക്കിയതും പിണറായിക്ക് കനത്ത തിരിച്ചടിയായി. ടിപി അടക്കമുള്ളവരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാന്‍ താന്‍ നടത്തിയ ശ്രമങ്ങള്‍ പൊളിച്ചത് പിണറായിയാണെന്ന് നേരത്തെ തന്നെ വിഎസ് വ്യക്തമാക്കിയിരുന്നു. സിപിഎമ്മിലെ കണ്ണൂര്‍ ലോബി ആസൂത്രിതമായി ടി. പി. ചന്ദ്രശേഖരനെ ക്രൂരമായി കൊലചെയ്യുകയായിരുന്നുവെന്ന് പാര്‍ട്ടി അണികളില്‍ ബഹുഭൂരിപക്ഷവും പൊതുസമൂഹവും വിശ്വസിക്കുന്ന സാഹചര്യത്തില്‍ വിഎസ് തന്റെ നിലപാട് ആവര്‍ത്തിക്കുന്നത് സിപിഎമ്മിനെ വെട്ടിലാക്കി കഴിഞ്ഞു.
ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഒരു കാരണവശാലും ചര്‍ച്ച ചെയ്യപ്പെടരുതെന്ന് പിണറായി പക്ഷം ആഗ്രഹിച്ചിരുന്നവയൊക്കെ വിഎസ് കൃത്യമായി ഉയര്‍ത്തിക്കൊണ്ടു വന്നു കഴിഞ്ഞു. വിഎസ് കുടം തുറന്നു വിട്ട ഇത്തരം വിവാദ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ കഴിയാതെയാണ് പിണറായി മാദ്ധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ഒളിച്ചോടുന്നത്. പിണറായി ആരോപണവിധേയനായ 374 കോടിയുടെ ലാവ്ലിന് അഴിമതി കേസില്‍ മേല്‍ക്കോടതി വിധിയുണ്ടാകുന്നത് വരെ തന്റെ ഇപ്പോഴത്തെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും വിഎസ് വ്യക്തമാക്കിയിരുന്നു. ബാലകൃഷ്ണപിള്ള അഴിമതിക്കാരനാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയെ ഇടതുമുന്നണി ഒരു കാലത്തും ഉള്‍പ്പെടുത്തില്ലെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വിഎസ് പറയുന്നു. കോടിയേരി ബാലകൃഷ്ണനാകട്ടെ വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കെതിരെ പരോക്ഷ പ്രതികരണവുമായി രംഗത്തെത്തി.
ഫേസ്ബുക്ക് പ്രതികരണങ്ങള്‍ വികാരപരമാകരുതെന്നാണ് കോടിയേരിയുടെ മുന്നറിയിപ്പ്, ഇത്തരം പ്രതികരണങ്ങള്‍ ആത്മസംതൃപ്തിക്ക് മാത്രമെ ഗുണകരമാകുകയുള്ളുവെന്നും പ്രസ്ഥാനത്തിന് ദോഷം ചെയ്യുമെന്നുമാണ് കോടിയേരിയുടെ മുന്നറിയിപ്പ്. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും കോടിയേരിയെ പിന്തുണച്ച് രംഗത്തെത്തി.
യുഡിഎഫിന്റെ അഴിമതി പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കാനുള്ള സിപിഎം തീരുമാനങ്ങള്‍ എല്ലാം അച്യൂതാനന്ദന് പൊളിച്ചെന്നാണ് പാര്‍ട്ടിയിലെ പ്രബലവിഭാഗം കുറ്റപ്പെടുത്തുന്നത്. നിലവില്‍ ലാവ്ലിനും ടിപി വധവുമൊക്കെയാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതില്‍ പ്രതിക്കൂട്ടിലാകുന്നതാകട്ടെ സിപിഎം ഔദ്യോഗിക വിഭാഗവും. എസ്എന്‍ഡിപിയ്ക്കും ആര്‍എസ്എസിനുമെതിരെ നട്ടാല്‍ കുരുക്കാത്ത നുണകള്‍ പ്രചരിപ്പിച്ചും, ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിച്ചും പിടിച്ചുനില്‍ക്കാനാണ് ഇപ്പോള്‍ സിപിഎം ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: