കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുടെ മുഖം നോക്കി വോട്ട് ചെയ്യാം. ഇത്തവണ പേരിനും ചിഹ്നത്തിനുമൊപ്പം സ്ഥാനാര്‍ഥിയുടെ മുഖം വ്യക്തമായ ഫോട്ടോ കൂടി വോട്ടിംഗ് യന്ത്രത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ എം.ജി. രാജമാണിക്യം പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനൊപ്പം ഇതിനുള്ള ഫോട്ടോ കൂടി സ്ഥാനാര്‍ഥി നല്‍കണം.
നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിക്കുന്ന സത്യവാങ്മൂലം പൂര്‍ണമായി പൂരിപ്പിച്ചില്ലെങ്കില്‍ സ്ഥാനാര്‍ഥിയെ അയോഗ്യനാക്കും. സ്ഥാനാര്‍ഥിക്കു സര്‍ക്കാരിലേക്കുള്ള കടങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലവും ഇത്തവണ പ്രത്യേകമായി നല്‍കണം. ഇതും പൂര്‍ണമായി പൂരിപ്പിക്കണം.
സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങളുടെ സാധുത സൂക്ഷ്മ പരിശോധനയില്‍ അയോഗ്യതയായി പരിഗണിക്കില്ലെങ്കിലും സത്യവാങ്മൂലം പൂര്‍ണമല്ലെങ്കില്‍ അയോഗ്യമാക്കും.
രണ്ടാം സത്യവാങ്മൂലവും സ്റ്റാമ്പ് പേപ്പറില്‍ നോട്ടറി അറ്റസ്റ്റ് ചെയ്തിരിക്കണം. സൂക്ഷ്മപരിശോധനാ ദിവസം 25 വയസ് പൂര്‍ത്തിയായവര്‍ക്കാണ് മത്സരിക്കാന്‍ കഴിയുക. മത്സരിക്കുന്നതിനുള്ള ഫീസായി 10,000 രൂപ നല്‍കണം. എസ്.സി/എസ്.റ്റി വിഭാഗത്തിന് 50 ശതമാനം ഇളവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: