വിളപ്പില്‍: പോലീസിന് സംരക്ഷണമൊരുക്കി നാട്ടുകാര്‍ രംഗത്തെത്തിയതോടെ സമരവുമായി വന്ന പുറംനാട്ടുകാര്‍ നാണംകെട്ട് മടങ്ങി. വിളപ്പില്‍ശാല പോലീസ് സ്റ്റേഷനു മുന്നിലാണ് ഇന്നലെ വേറിട്ടൊരു സമരം അരങ്ങേറിയത്.
പോലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യം മുഴക്കി നാട്ടുകാരും സമരക്കാരും സ്റ്റേഷന്റെ ഇരു ഭാഗത്തും നിലയുറപ്പിച്ചു. ഇവര്‍ക്ക് മദ്ധ്യത്തില്‍ മലയിന്‍കീഴ് സിഐ നസീറിന്റെയും വിളപ്പില്‍ശാല എസ്ഐ ഹേമന്ദ്കുമാറിന്റേയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും നിലയുറപ്പിച്ചു. മണിക്കൂറുകളോളം വിളപ്പില്‍ശാല പോലീസ് സ്റ്റേഷന് ജംഗ്ഷന് സംഘര്‍ഷ ഭീതിയിലായി. ഒടുവില്‍ പ്രതിഷേധിക്കാനെത്തിയ പുറംനാട്ടുകാര്‍ ഇളിഭ്യരായി മടങ്ങി. വിജയാരവം മുഴക്കി വിളപ്പില്‍ പോലീസിന് അഭിനന്ദനം അര്‍പ്പിച്ച് നാട്ടുകാരും.
കാവിന്‍പുറം മേഖലയില്‍ കഞ്ചാവ് വില്‍പ്പനയും ഗുണ്ടായിസവും നടത്തിവന്ന സ്ത്രീയെ അടുത്തിടെ വിളപ്പില്‍ശാല എസ്ഐ ഹേമന്ദ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയിരുന്നു. വിചാരണ തടവുകാരിയായി ജയിലില്‍ കഴിയവെ ഇവര്‍ പോലീസിനെതിരെ പരാതി നല്കി. അറസ്റ്റ് ചെയ്തപ്പോള്‍ പോലീസ് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. മജിസ്ട്രേറ്റ് നേരിട്ട് അന്വേഷിച്ചതില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ സ്ത്രീയെ ശിക്ഷിക്കുവാന്‍ കാട്ടാക്കട കോടതി ഉത്തരവിട്ടിരുന്നു. കഞ്ചാവ് കച്ചവടക്കാരിയായ ഇവര്‍ക്ക് സംരക്ഷണം നല്കുന്ന ചിലരാണ് ഇന്നലെ പോലീസ് സ്റ്റേഷന് ഉപരോധിക്കാന്‍ നഗരത്തില്‍ നിന്നെത്തിയത്.
വാര്‍ഡ് മെമ്പര്‍ അനില്‍കുമാര്‍, പൊതുപ്രവര്‍ത്തകരായ എള്ളുവിള സുകു, സുജീഷ്, പത്മിനി, മഞ്ചു തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി നാട്ടുകാര്‍ സമരക്കാര്‍ക്കെതിരെ പ്രകടനമായി എത്തിയിരുന്നു. നാട്ടുകാരുടെ ഒത്തുചേരലില്‍ പന്തികേട് തോന്നിയ സമരക്കാര്‍ പത്തിമടക്കി പിന്‍വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: