കണ്ണൂര്‍: എന്‍ഡിഎ കൂത്തുപറമ്പ് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി സി.സദാനന്ദന് മാസ്റ്റര്‍ക്ക് നേരെ കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മാനന്തേരിയിലുണ്ടായ അക്രമം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം നടത്തുന്ന ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. അക്രമത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തിരമായ ഇടപെടണം. സ്വതന്ത്രവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യമായ നടപടി സ്വീകരിക്കണം. നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണത്തിന് തൊട്ട് തലേദിവസമാണ് ആസൂത്രിതമായ അക്രമം നടന്നത്. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് മുനിസിപ്പാലിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഒരു സംഘം സിപിഎമ്മുകാര്‍ തടസ്സപ്പെടുത്തിയിരുന്നു. പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് തന്നെ ബിജെപിയുടെ പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. 1994 ജനുവരി 25 ന് സിപിഎം സംഘം സദാനന്ദന് മാസ്റ്ററുടെ ഇരുകാലുകളും വെട്ടി മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാന്‍ സിപിഎം നേതൃത്വത്തിന് ഇപ്പോഴും സാധിച്ചിട്ടില്ലെന്നാണ് തുടര്‍ച്ചയായ അക്രമം സൂചിപ്പിക്കുന്നത്. അക്രമസംഭവങ്ങളില്‍ പോലീസ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. സിപിഎമ്മുകാര്‍ പ്രതികളാവുന്ന കേസുകളില്‍ നിസ്സാരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ബിജെപി പ്രവര്‍ത്തകരെ ജാമ്യമില്ലാത്ത വകുപ്പ് ചേര്‍ത്ത് ജയിലിലടക്കുകയാണ്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ കേന്ദ്രസേനയെ നിയോഗിക്കണം. കേന്ദ്രസേനയെ ബാരക്കുകളില്‍ ഇരുത്താതെ ബൂത്തുകളില്‍ വിന്യസിക്കണം. സദാനന്ദന് മാസ്റ്ററെ അക്രമിച്ച കേസില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തി അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും സത്യപ്രകാശ് ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: