തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായും തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നടന് സുരേഷ്ഗോപി പറഞ്ഞു.
ഒരു കലാകാരന് എന്ന നിലയില്‍ എനിക്കും കേരളത്തിനും ലഭിച്ച അംഗീകാരമാണിത്. രാജ്യത്തിനുവേണ്ടി ഞാന്‍ ഉറക്കമില്ലാതെ പണിയെടുക്കും. വലിയ അനുഗ്രഹവും അംഗീകാരവുമാണിത്; അതിനേക്കാളേറെ വലിയ ഉത്തരവാദിത്തവും. കേരളത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. എല്ലാരെയും തുല്യരായിക്കണ്ടുപ്രവര്ത്തിക്കും.
കേരളത്തിന്റെ ആവശ്യങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പരിഹാരം കാണാന്‍ ശ്രമിക്കും. ഏതു വിഷയത്തിലും ഏതു വകുപ്പിലെയും പ്രശ്നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും പരിഹാരമുണ്ടാക്കാനും പരിശ്രമിക്കും. സാമൂഹിക സേവനരംഗത്ത് താന്‍ ഏറെക്കാലമായുണ്ട്. രാജ്യസഭാ എംപി സ്ഥാനത്തിന് അധികാരത്തിന്റെ പിന്തുണയുണ്ട്. ആ പിന്തുണ വളരെ വലുതാണ്. സമൂഹത്തില്‍ ആഴത്തിലിറങ്ങി പലതും ചെയ്യാന്‍ കഴിയും, സുരേഷ്ഗോപി പറഞ്ഞു.
സുരേഷ്ഗോപിയുടെ രാജ്യസഭാസ്ഥാനം സംബന്ധിച്ച പ്രഖ്യാപനം കേരളജനതയ്ക്കു വലിയ സന്തോഷം നല്‍കുമെന്ന് കരുതുന്നതായി കേന്ദ്ര നൈപുണ്യ വികസനമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. നരേന്ദ്രമോദി നയിക്കുന്ന ഈ തെരഞ്ഞെടുപ്പ് കേരളത്തില്‍ രാഷ്ട്രീയചലനങ്ങളുണ്ടാകും. പ്രചാരണരംഗത്ത് മോദി ആവേശം പകരുമെന്നും റൂഡി പറഞ്ഞു.
കേരളത്തിലെ മുഴുവന്‍ സന്തോഷിക്കാന്‍ കഴിയുന്ന തീരുമാനമാണ് സുരേഷ് ഗോപിക്ക് ലഭിച്ച അംഗീകാരമെന്ന് മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ പറഞ്ഞു.
കേരളത്തില്‍ കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള ദേശീയ അംഗീകാരമാണിത്. സംസ്ഥാനത്ത് കലാരംഗത്തെ പ്രശ്നങ്ങള്‍ കേന്ദ്രശ്രദ്ധയില്പ്പെടുത്താനും പരിഹാരമുണ്ടാക്കാനും കഴിയും. കേരളത്തിന് പ്രധാനമന്ത്രിയുടെ മനസില്‍ പ്രത്യേക ഇടമാണെന്ന് വ്യക്തമാക്കുന്ന തീരുമാനം കൂടിയാണിത്. ബിജെപിയുടെ ശക്തനായ പ്രചാരകന് കൂടിയായ സുരേഷ്ഗോപിയുടെ ശബ്ദത്തിന് ഇനിമുതല്‍ കൂടുതല്‍ ആധികാരികതയുണ്ടാകുമെന്നും രാജഗോപാല്‍ പറഞ്ഞു.
കേരളത്തിലെ കലാസ്വാദകര്‍ക്ക് നരേന്ദ്രമോദി സര്‍ക്കാരിന്റെ വിഷു സമ്മാനമാണ് സുരേഷ്ഗോപിയുടെ രാജ്യസഭയിലേക്കുള്ള നാമനിര്‍ദ്ദേശമെന്ന് ബിജെപി കലാസാംസ്കാരികവിഭാഗമായ ഉണര്‍വിന്റെ സംസ്ഥാന കണ്‍വീനര്‍ ഗോപന് ചെന്നിത്തല പറഞ്ഞു.
രാവിലെ തലസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ സുരേഷ്ഗോപി ദര്‍ശനം നടത്തി. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒ. രാജഗോപാലിനൊപ്പമാണ് ദര്‍ശനം നടത്തിയത്. തുടര്‍ന്ന് പഴവങ്ങാടി ഗണപതികോവില്‍, ശ്രീവരാഹമൂര്‍ത്തി ക്ഷേത്രം, ശാസ്തമംഗലം മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി. കലാഭവനില്‍ നടന്ന ബിജെപിയുടെ പരസ്യചിത്രത്തിന്റെ ഉദ്ഘാടനചടങ്ങിലും പങ്കെടുത്തു.
ബിജെപി ഭാരവാഹികളും പ്രവര്‍ത്തകരും താരത്തെ നേരിട്ട് അനുമോദനമറിയിച്ചു. തുടര്‍ന്ന് അദ്ദേഹം ശാസ്തമംഗലത്തെ വീട്ടില്‍ കുടുംബത്തോടൊപ്പം ഭാര്യ രാധികയുടെ പിറന്നാള്‍ ആഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: