നിലമ്പൂര്‍: ജനാധിപത്യ സംവിധാനത്തില്‍ വോട്ടവകാശത്തിന്റെ ശക്തിയും മഹത്വവും ആദിവാസി സമൂഹത്തെ നേരില്‍ ബോധ്യപ്പെടുത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതി നിലമ്പൂര്‍ കരുളായി റേഞ്ചിലെ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചു. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ടിസിപേഷന്റെ (സ്വീപ്) ഭാഗമായാണ് നെടുങ്കയം, മുണ്ടക്കടവ് ഗോത്രവര്‍ഗ കോളനികളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി ജില്ലാ കലക്ടര്‍ നേരിട്ടെത്തിയത്.
മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന മേഖലകളില്‍ പ്രത്യേക ശ്രദ്ധയൂന്നുന്നതിന്റെ ഭാഗം കൂടിയായിരുന്നു സന്ദര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ആദിവാസി വോട്ടര്‍മാര്‍ക്ക് കലക്ടറുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശീലനം നല്കി. എന്റെ വോട്ട് എന്റെ അവകാശം എന്ന ബാനറിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക ടീഷര്‍ട്ടുകള്‍ അണിഞ്ഞാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കലക്ടറോടൊപ്പം വോട്ടിങ് മെഷീനുകളുമായി കോളനികളിലെത്തിയത്. നെടുങ്കയം അമിനിറ്റി സെന്ററിലെ പോളിങ് സ്റ്റേഷന് സന്ദര്‍ശിച്ച കലക്ടര്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി. റാംപ് സൗകര്യം കൂടി ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
മെയ് 16ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും വോട്ടവകാശം വിനിയോഗിച്ചുവെന്ന് ഉറപ്പാക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു. ജില്ലയിലെ സ്ത്രീവോട്ടര്‍മാരുടെ കുറവ് പരിഹിരിക്കുന്നതിന് കൂട്ടായ നടപടികള്‍ വേണം. പുരുഷ•ാരെ പോലെ സ്ത്രീകള്‍ക്കും വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള അവസരം ഒരുക്കാന്‍ പ്രത്യേക ഊന്നല്‍ നല്കി വരുന്നതായും കലക്ടര്‍ പറഞ്ഞു.
പെരിന്തല്‍മണ്ണ സബ്കലക്ടര്‍ ജാഫര്‍ മാലിക്, നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ. ആടലരശന്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജയപ്രകാശ്, നിലമ്പൂര്‍ താലൂക്ക് അഡീഷനല്‍ തഹസില്‍ദാര്‍ പ്രസന്നകുമാരി, ഇലക്ഷന് ഡെപ്യൂട്ടി തഹസില്‍ദാര്‍ മുരളീധരന്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, റവന്യൂ- തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ കെ. അബ്ദുന്നാസര്‍, വര്‍ഗീസ് മംഗലം, അന്‍സു ബാബു, വി.പി. സുരേഷ്ബാബു, പ്രവീണ്‍, സുനില്‍രാജ്, ജിസ്മോന് പി. വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
നെടുങ്കയം ആദിവാസി കോളനിയിലെ കല്യാണ വീട്ടില്‍ അപ്രതീക്ഷിത അതിഥികളായി ജില്ലാ കലക്ടര്‍ എസ്. വെങ്കടേശപതിയും സബ്കലക്ടര്‍ ജാഫര്‍ മാലികും ഉദ്യോഗസ്ഥരും. ആദിവാസികള്‍ക്ക് വോട്ട് സന്ദേശവുമായി എത്തിയ കലക്ടറും സംഘവും കോളനിയിലെ കല്യാണ വീട്ടിലും കയറുകയായിരുന്നു. പണിയ വിഭാഗത്തില്‍പെട്ട പരേതനായ ഒടുക്കന്റെ മകള്‍ രമ്യയുടെയും സമീപത്ത് തന്നെ വസിക്കുന്ന ബൈജുവിന്റെയും വിവാഹ മുഹൂര്ത്തത്തിനിടെയുള്ള കലക്ടറുടെ കടന്നു വരവ് വീട്ടുകാര്‍ക്ക് ഇരട്ടിമധുരമായി.
പരമ്പരാഗത രീതിയില്‍ ഈന്തോല മേഞ്ഞ പന്തലില്‍ ഒരുക്കിയ കതിര്‍മണ്ഡപത്തിനരികെ ചടങ്ങു തീരുന്നതു വരെ കലക്ടര്‍ ഇരുന്നു. തുടര്‍ന്ന് ദമ്പതികളെ ആശിര്‍വദിച്ചും ഉപഹാരവും നല്‍കിയാണ് കലക്ടര്‍ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: