നിറമരുതൂര്‍: ഉണ്യാല്‍ തീരദേശ മേഖലയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി പോലീസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനം. ഏതാനും ദിവസങ്ങളായി മേഖലയില്‍ സിപിഎമ്മും മുസ്ലീം ലീഗും അക്രമം അഴിച്ചുവിടുകയാണ്. അക്രമങ്ങള്‍ ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്.
ജില്ലാ കലക്ടര്‍ ടി.ഭാസ്കരന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം. താനൂര്‍ എസ്ഐയുടെ നേതൃത്വത്തില്‍ നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാലിലും തിരൂര്‍ എസ്ഐയുടെ നേതൃത്വത്തില്‍ വെട്ടം പഞ്ചായത്തിലെ പറവണ്ണയിലുമാണ് ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കുക.
സമാധാന കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും ഇനി പ്രശ്നങ്ങള്‍ പരിഹരിക്കുക. പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ സമാധാന കമ്മിറ്റി ചേരുകയും അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഇടപെടല്‍ നടത്തുകയും ചെയ്യും. അക്രമം തുടര്‍ന്നാല്‍ കുറ്റവാളികളെ കണ്ടെത്തി ഒറ്റപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ഒറ്റകെട്ടായി നില്‍ക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.
അക്രമത്തില്‍ വേട്ടയാടപ്പെട്ടത് ഏറെയും നിരപരാധികളാണ്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്കാന് നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. എല്ലാവര്ക്കും സ്വസ്ഥമായി ജീവിക്കാനും പ്രവര്‍ത്തിക്കാനും അവകാശമുണ്ടെന്നും ഏകാധിപത്യപ്രവര്ത്തനം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അനുവദിക്കാനാവില്ലന്നും കലക്ടര്‍ പറഞ്ഞു.
നിറമരുതൂര്‍ സ്കൂളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ അബ്ദുറഹ്മാന് രണ്ടത്താണി, സി.മമ്മുട്ടി, ജില്ലാ പോലീസ് മേധാവി കെ. വിജയന്, ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ, തിരൂര്‍ ആര്‍ഡിഒ ജെ.ഒ.അരുണ്‍, തഹസില്‍ദാര്‍ കൃഷ്ണകുമാര്‍, നിറമരതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി.സുഹറ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഇ.ജയന്, കൂട്ടായി ബഷീര്‍, വി.ടി ഇക്രാമുല്‍ ഹഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: