ആലപ്പുഴ: കുട്ടനാട്ടിലെ ഓരോ ഗ്രാമപഞ്ചായത്തുകളിലുമുള്ള കാന്‍സര്‍ രോഗികളുടെ എണ്ണം സംബന്ധിച്ച കൃത്യമായ രജിസ്റ്റര്‍ തയ്യാറാക്കാന്‍ ജില്ലാ വികസനസമിതിയോഗത്തില്‍ നിര്‍ദ്ദേശം.
സംസ്ഥാന തലത്തിലുള്ള കാന്‍സര്‍ രോഗികളുടെ എണ്ണവുമായി കാര്യമായ വ്യതിയാനം ജില്ലയില്‍ പ്രകടമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടെന്ന് ജില്ലാവികസന സമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ആര്.ഗിരിജ പറഞ്ഞു. ഇതു സംബന്ധിച്ച് സംസ്ഥാന തലത്തില്സര്വ്വേ ഉടന്‍ ആരംഭിക്കുമെന്നും അതില്‍ ഈ പ്രദേശങ്ങളിലെ ക്യാന്‍സര്‍ രോഗികളുടെ കൃത്യമായ എണ്ണം അറിയാന്‍ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു.
അമിതമായ കീടനാശിനി പ്രയോഗം കുട്ടനാട്ടില്‍ കാന്‍സര്‍ വ്യാപകമാക്കുന്നതായുള്ള പരാതി കഴിഞ്ഞ വികസനസമിതയോഗത്തില് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വികസന സമിതി യോഗത്തില്‍ വച്ചത്.
ചമ്പക്കുളം 50, നെടുമുടി 42, രാമങ്കരി 60, തലവടി 40, എടത്വ 44, തകഴി 89, കാവാലം 80, പുളിങ്കുന്ന് 40, വെളിയനാട് 28, മുട്ടാര്‍ 32, നീലംപേരൂര്‍ 57 എന്നിങ്ങനെയാണ് പാലിയേറ്റീവ് ക്ലിനിക്കില്‍ എത്തിയവരുടെ എണ്ണം. കുട്ടനാട്ടിലെ കുടിവെള്ളപ്രശ്നം രൂക്ഷമാണെന്നും അതിന് എത്രയുംവേഗം പരിഹാരം കാണണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ഭൂതപ്പണ്ടം കായലിന് ചുറ്റും ബണ്ട് നിര്‍മ്മിക്കുന്നതിനും മത്സ്യകൃഷി നടത്തുന്നതിനും പ്രോജക്റ്റ് ഉടന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അഡാക്ക്, ഹാര്‍ബര്‍ എന്‍ജിനീയര്‍ വിഭാഗം എന്നിവരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: