ധാക്ക: ഏഷ്യാ കപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ അപൂര്‍വ്വ നേട്ടത്തിന്റെ നിറവില്‍. ഇന്ത്യക്ക് വേണ്ടി ബൗള്‍ ചെയ്ത അഞ്ച് ബൗളര്‍മാരില്‍ നാലുപേരും വിട്ടുകൊടുത്തത് 23 റണ്‍സ് വീതം. ട്വന്റി 20യുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു നേട്ടം സംഭവിക്കുന്നത്. അവസാന ഓവറില്‍ രണ്ട് വൈഡ് നല്കിയില്ലായിരുന്നെങ്കില് അഞ്ചാമത്തെ ബൗളറായ രവീന്ദ്ര ജഡേജയും ഈ നേട്ടത്തില്‍ ഉള്‍പ്പെടുമായിരുന്നു. ജഡേജ നാല് ഓവറില്‍ 25 റണ്‍സാണ് നല്‍കിയത്.
ആശിഷ് നെഹ്റ നാലോവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ബുംമ്റയും അശ്വിനും ഹാര്‍ദിക് പാണ്ഡ്യയും നാലോവറില്‍ 23 റണ്‍സ് വഴങ്ങി ഓരോ വിക്കറ്റ് വീഴ്ത്തി. നാലു ബൗളര്‍മാരുടെയും ബൗളിംഗ് എക്കോണമി 5.75 റണ്‍സ്. ട്വന്റി 20 ചരിത്രത്തില്‍ ഇതിന് മുമ്പ് ഇത്തരമൊരു അപൂര്‍വത ഉണ്ടായിട്ടില്ല.
ഉദ്ഘാടന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 166 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 7 വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 44 റണ്‍സെടുത്ത സാബിര്‍ റഹ്മാനാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറര്‍. മുഷ്ഫിഖുര്‍ റഹിം 16 റണ്‍സെടുത്തും തസ്കിന് അഹമ്മദ് 15 റണ്‍സുമായും പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 55 പന്തില്‍ ഏഴ് ബൗണ്ടറിയും മൂന്ന് സിക്സറുമടക്കം 83 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെയും 18 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്സറുമടക്കം 31 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുടെയും കരുത്തിലാണ് 166 റണ്‍സെടുത്തത്. രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്. ശനിയാഴ്ച ഇന്ത്യക്ക് അടുത്ത മത്സരത്തില്‍ എതിരാളികള്‍ പാക്കിസ്ഥാനാണ്. ഞായറാഴ്ച ബംഗ്ലാദേശ് ശ്രീലങ്കയുമായും ഏറ്റുമുട്ടും.
മത്സരശേഷം ഓള് റൗണ്ട് പ്രകടനം നടത്തിയ ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റന്‍ ധോണി ഏറെ പുകഴ്ത്തി. ടീം ഇന്ത്യയുടെ പുതിയ ഓവറോള്‍ പാക്കേജ് എന്നാണ് ക്യാപ്റ്റന്‍ പാണ്ഡ്യയെ വിശേഷിപ്പിച്ചിരിക്കുന്നത്. തുടക്കത്തില്‍ തന്നെ ധവാന്, കോഹ്ലി, റെയ്ന, യുവരാജ് എന്നീ മുന്‍നിരക്കാരെ നഷ്ടപ്പെട്ട് തകര്‍ച്ചയിലായിരുന്ന ഇന്ത്യയെ രോഹിത് ശര്‍മ്മയ്ക്കൊപ്പം ചേര്‍ന്ന് മികച്ച സ്കോറിലേക്ക് ഉയര്‍ത്തിയത് പാണ്ഡ്യയുടെ ബാറ്റിങായിരുന്നു. കളിയുടെ അവസാന ഘട്ടത്തില്‍ കൂറ്റനടി പുറത്തെടുത്ത് റണ്‍റേറ്റ് ഉയര്‍ത്തിയ പാണ്ഡ്യ 18 പന്തില്‍ നിന്നും 31 റണ്‍സ് നേടി. മികച്ച രീതിയില്‍ പന്തെറിയുന്ന പാണ്ഡ്യയെ മൂന്നാം സീമര്‍ ആയാണ് ധോണി കഴിഞ്ഞ കളിയില്‍ ഉപയോഗിച്ചത്. വരും മത്സരങ്ങളില്‍ പാണ്ഡ്യയുടെ ബാറ്റിങ് ഓര്‍ഡര്‍ ഉയര്‍ത്തുമെന്നും ക്യാപ്റ്റന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: