കോട്ടയം: നഗരമധ്യത്തില്‍ വാഹന പരിശോധനയുടെ പേരില്‍ പൊലീസ് അഴിഞ്ഞാടി. ബുധനാഴ്ച രാത്രി എഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഒരു വിഭാഗം പൊലീസുകാര്‍ എസ്ഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ക്കെതിരേ തിരിഞ്ഞത്. രാത്രി പതിനൊന്നരയോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം. ഇരുപതിലേറെ പൊലീസുകാര്‍ കോടിമത പള്ളിപ്പുറത്തുകാവ് ജംഗ്ഷനില്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തിയായിരുന്നു ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
നടുറോഡില്‍ കയറി നിന്ന് ഇരുചക്ര വാഹനങ്ങള്‍ക്കു കൈകാണിക്കുകയും വേഗം കുറയ്ക്കുന്ന വാഹനങ്ങളുടെ ഹാന്‍ഡിലില്‍ പിടിച്ച് ബലമായി നിര്‍ത്തുകയുമായിരുന്നു. എഎസ്പിയെ തൃപ്തിപ്പെടുത്താന്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുളള പരാക്രമമാണ് പൊലീസുകാര്‍ കാണിച്ചത്. വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച ശേഷം വാഹനത്തിന്റെ രേഖകളുമായി നൂറു മീറ്റര്‍ ദൂരെ മാറ്റി നിര്‍ത്തിയിട്ട ജീപ്പിനടുത്തേക്ക് ചെല്ലാന്‍ നിര്‍ദേശിക്കുകയായിരുന്നു. കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരെ ഉള്‍പ്പെടെ റോഡിന്റെ ഒരു വശത്തു മാറ്റി നിര്‍ത്തിയ ശേഷം വാഹനത്തിലെത്തിയ പുരുഷന്മാരെ ജീപ്പിനടുത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു പരിശോധന.
ഇതു ഡിജിപിയുടെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്ന് എഎസ്പി കാര്‍ത്തികേയനോടു ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവര്‍ത്തകരും പൊതുപ്രവര്ത്തകരുമുള്പ്പെടെയുള്ള നാട്ടുകാര്‍ക്കു നേരേ വെസ്റ്റ് എസ്ഐ അഭിലാഷ് അസഭ്യവര്‍ഷം ചൊരിഞ്ഞു. സാറിനോടു സംസാരിക്കാന്‍ നീയൊക്കെ ആരാടാ എന്ന ആക്രോശത്തോടെ എസ്ഐയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ രണ്ട് എഎസ്ഐമാരടങ്ങിയ പൊലീസ് സംഘം നാട്ടുകാര്‍ക്കു നേരേ കൈവയ്ക്കുകയും ചെയ്തു. പല പൊലീസുകാരും മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫിനെ വിവരം അറിയിച്ചതോടെയാണ് പരിശോധന അവസാനിപ്പിച്ച് അക്രമിസംഘം സ്ഥലം വിട്ടത്. തുടര്‍ന്ന് വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പോയ ജീപ്പ് അധികം വൈകാതെ വീണ്ടും കവലയിലേക്ക് എത്തി. തട്ടുകടയില്‍ നിന്ന് കുപ്പിവെള്ളവും ഓംലറ്റും പാഴ്സലായി വാങ്ങുന്നതു കണ്ട നാട്ടുകാരില്‍ ചിലര്‍ ജീപ്പിനെ പിന്തുടര്ന്നു.
സ്റ്റേഷനില്‍ എത്തിയ ജീപ്പില്‍ നിന്നു ഭക്ഷണവസ്തുക്കള്‍ സ്റ്റേഷനുള്ളിലേക്ക് എടുക്കുന്നതു കണ്ട നാട്ടുകാര്‍ നടത്തിയ നിരീക്ഷണത്തില്‍ സ്റ്റേഷനുള്ളിലും മദ്യപാനം നടക്കുന്നതായി കണ്ടെത്തിയെന്നും പരാതിയുണ്ട്. സിപിഎമ്മിന്റെ ഒരു നേതാവുമായി അടുത്ത ബന്ധമുള്ളയാളാണ് വെസ്റ്റ് എസ്ഐ അഭിലാഷ്. അടുത്തിടെ സ്ഥലം മാറിയെത്തിയ ശേഷം നിരന്തരം നാട്ടുകാര്‍ക്കു നേരേ അതിക്രമം നടത്തുകയാണെന്നും പരാതിയുണ്ട്. നേരത്തേ മുതല്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മദ്യപാനം നടക്കുന്നതായി പരാതിയുണ്ടായിരുന്നു. ഇതിനെ ആരെങ്കിലും ചോദ്യം ചെയ്താല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന ഭീഷണിയാകും മറുപടി. ബുധനാഴ്ച രാത്രിയും അതേ രീതിയിലായിരുന്നു എസ്ഐയുടെ പ്രതികരണം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് കേസെടുത്ത് അകത്താക്കുമെന്ന് നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതു ചോദ്യം ചെയ്ത പൊതുപ്രവര്‍ത്തകനോട് ഖദര്‍ ഊരിക്കുമെന്നും ഭരണം മാറുമെന്നും എസ്ഐ പുലമ്പുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: