ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള പടിഞ്ഞാറെ നടയിലെ കടമുറികള്‍ ലേലം ചെയ്ത് നല്‍കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി അമ്പലപ്പുഴ സിഐ ഏകപക്ഷിയമായി തടഞ്ഞതില്‍ വ്യാപക പ്രതിഷേധമുയരുന്നു.
ചിലരുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പേരില്‍ ക്ഷേത്രങ്ങളുടെ ഭരണം വരെ നിയന്ത്രിക്കാനുള്ള സിഐയുടെ ശ്രമം പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതാണ്. സിപിഎം ഭരണം നടത്തുന്ന അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് അധികാരികളുടെ താല്‍പ്പര്യപ്രകാരമാണ് സിഐ ലേല നടപടികള്‍ തടസ്സപ്പെടുത്തിയത്. പഞ്ചായത്ത് ഭരണാധികാരികളായ സിപിഎം നേതാക്കള്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ക്ഷേത്രം ചുമതലക്കാരായ ഉദ്യോഗസ്ഥരെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്.
ക്ഷേത്രം വക ഭൂമി പഞ്ചായത്തിന്റേതാണെന്നും, അതിനാല്‍ ലേലം ചെയ്യാനുള്ള അധികാരം തങ്ങള്‍ക്കാണെന്നുമാണ് പഞ്ചായത്തിന്റെ നിലപാട്. ഇതിനെ എതിര്‍ത്താല്‍ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും, പെന്ഷന് വാങ്ങാന്‍ അനുവദിക്കില്ലെന്നുമായിരുന്നത്രെ ചിലരുടെ ഭീഷണി.
അമ്പലപ്പുഴ സിഐയും പഞ്ചായത്ത് ഭരണകര്‍ത്താക്കള്‍ക്കൊപ്പം ചേര്‍ന്ന് ഇന്നലെ നടത്താനിരുന്ന ദേവസ്വം ബോര്‍ഡിന്റെ ലേല നടപടികള്‍ തടയുകയായിരുന്നു. അതിനിടെ നിയമ വിരുദ്ധമായി ക്ഷേത്ര ഭൂമി തങ്ങളുടേതാണെന്ന പ്രഖ്യാപിച്ച് ക്ഷേത്ര ഭൂമിയിലെ കടകളുടെ ലേലം ഇന്ന് നടത്തുമെന്ന് പഞ്ചായത്തും പ്രഖ്യാപിച്ചിട്ടുണ്ട്.
നിയമ വിരുദ്ധമായ നടപടികളെ ചെറുക്കുമെന്ന് ഭക്തജനങ്ങളും, ഹിന്ദുഐക്യവേദിയടക്കമുള്ള ഹൈന്ദവ സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസിന്റെയും പഞ്ചായത്തിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് വിവിധ പ്രക്ഷോഭ പരിപാടികളും ഹിന്ദുഐക്യവേദി സംഘടിപ്പിക്കും. കഴിഞ്ഞ നാലു പതിറ്റാണ്ടു മുമ്പ് വരെ ലേല നടപടികള്‍ നടത്തിയിരുന്നത് ദേവസ്വംബോര്‍ഡ് അധികാരികളായിരുന്നു. ഇതിന് ശേഷം ഭരണകര്‍ത്താക്കളുടെ അലംഭാവം മൂലം മുടങ്ങിയെങ്കിലും, മൂന്ന് വര്‍ഷമായി വീണ്ടും കടമുറികള്‍ ലേലം ചെയ്ത് നല്‍കുന്നത് ദേവസ്വംബോര്‍ഡാണ്.
ഈ സാഹചര്യത്തിലാണ് ക്ഷേത്ര ഭൂമി കയ്യടക്കാന്‍ പഞ്ചായത്ത് ശ്രമിക്കുന്നത്. സിപിഎം നേതൃത്വവും ഇതിന് ഒത്താശ ചെയ്യുകയാണ്. വരും ദിവസങ്ങളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ക്കാകും അമ്പലപ്പുഴ സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: